റഫാൽ വിമാനത്തിലെ നിർമ്മാണ പങ്കാളിയായി കേരള കമ്പനി

Wednesday 17 December 2025 12:03 AM IST

കൊച്ചി: റഫാൽ യുദ്ധ വിമാനങ്ങളിലെ റഡാർ സംവിധാനത്തിനായി അതിനൂതന വയേർഡ് സ്ട്രക്ചറുകൾ നിർമ്മിക്കാൻ കൊച്ചി ആസ്ഥാനമായ എസ്.എഫ്.ഒ ടെക്‌നോളജീസും ഫ്രഞ്ച് എയ്‌റോസ്‌പേസ്, പ്രതിരോധ സ്ഥാപനമായ താലെസും കരാർ ഒപ്പിട്ടു.

റഫാലിൽ ഉപയോഗിക്കുന്ന 'ആർ.ബി.ഇ.2' റഡാറിന്റെ സങ്കീർണമായ വയർ ഘടനകൾ നിർമ്മിക്കാനുള്ള കരാർ 'മേക് ഇൻ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി എസ്.എഫ്.ഒ ടെക്‌നോളജീസിന് കൈമാറി. റാഫേൽ ഉപകരണങ്ങളുടെ ഉത്പാദനത്തിൽ പങ്കുചേരുന്നതിലൂടെ പ്രാദേശിക ഉത്പാദനക്ഷമത ഉറപ്പാക്കുകയാണെന്ന് എസ്.എഫ്.ഒ ടെക്‌നോളജീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എൻ. ജഹാൻഗീർ പറഞ്ഞു. മേക് ഇൻ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധതയാണ് കരാറെന്ന് താലെസ് കമ്പനിയുടെ ഓപ്പറേഷൻസ് ആൻഡ് പെർഫോമെൻസ് വിഭാഗം സീനിയർ എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പ് നൊചെ പറഞ്ഞു. ഇന്ത്യൻ നാവികസേനയ്ക്കായി 26 റഫേൽ വിമാനങ്ങൾ ഓർഡർ ചെയ്തതിനെ തുടർന്നാണ് സഹകരണം. കൃത്യതയാർന്ന യന്ത്രവത്കരണം, അസംബ്ലിംഗ്, വയറിംഗ്, ഇലക്ട്രോണിക്‌സ്, മൈക്രോ ഇലക്ട്രോണിക്‌സ്, സങ്കീർണമായ സിസ്റ്റം ഇന്റഗ്രേഷൻ എന്നിവയ്ക്ക് പിന്തുണ നൽകുന്നതാണ് സഹകരണം.