റഷ്യ, ഉക്രെയിൻ സമാധാന പ്രതീക്ഷയിൽ വിപണികൾ
സ്വർണം, ക്രൂഡോയിൽ വില താഴുന്നു
കൊച്ചി: റഷ്യയും ഉക്രയിനുമായുള്ള യുദ്ധം അവസാനിക്കുമെന്ന സൂചനയിൽ രാജ്യാന്തര വിപണിയിൽ സ്വർണം, ക്രൂഡോയിൽ എന്നിവയുടെ വില താഴുന്നു. സിംഗപ്പൂർ വിപണിയിൽ ഇന്നലെ സ്വർണ വില ഔൺസിന് 4,275 ഡോളറിലേക്കാണ് ഇന്നലെ താഴ്ന്നത്. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ പവൻ വില 1,120 രൂപ കുറഞ്ഞ് 98,160 രൂപയിലെത്തി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 12,270 രൂപയായി. ചർച്ചകൾ പരാജയപ്പെട്ടാൽ സ്വർണ വില വീണ്ടും കുതിച്ചുയരാൻ ഇടയുണ്ടെന്ന് വ്യാപാരികൾ പറയുന്നു. വെള്ളി വിലയും ഇന്നലെ 198 രൂപയിലേക്ക് താഴ്ന്നു. എന്നാൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായതിനാൽ ഇന്ത്യയിൽ വിലയിടിവിന്റെ പ്രയോജനം പൂർണമായി ലഭിക്കാനിടയില്ല.
രാജ്യാന്തര വിപണിയിൽ ഇന്നലെ ക്രൂഡോയിൽ വില ബാരലിന് 59 ഡോളറിലേക്കാണ് താഴ്ന്നത്. ചൈനയിലെ സാമ്പത്തിക തളർച്ച ശക്തമാകുന്നതും എണ്ണ വില കൂടാനിടയാക്കി.
ഓഹരികളിൽ വിൽപ്പന സമ്മർദ്ദം
വിദേശ നിക്ഷേപകർ വിൽപ്പന സമ്മർദ്ദം ശക്തമാക്കിയതോടെ രാജ്യത്തെ ഓഹരി വിപണി ഇന്നലെ കുത്തനെ ഇടിഞ്ഞു. സെൻസെക്‌സ് ഇന്നലെ 533 പോയിന്റ് ഇടിഞ്ഞ് 84,679.86ൽ അവസാനിച്ചു. നിഫ്‌റ്റി 167 പോയിന്റ് നഷ്‌ടവുമായി 25,860.10ൽ എത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന കനത്ത ഇടിവാണ് നിക്ഷേപകർക്ക് ആശങ്കയാകുന്നത്. ആക്സിസ് ബാങ്ക്, എറ്റേണൽ, എച്ച്.സി.എൽ ടെക്ക്, ടാറ്റ സ്റ്റീൽ, ബജാജ് ഫിനാൻസ് എന്നിവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ഇന്നലെ മാത്രം ബി.എസ്.ഇയിൽ ലിസ്‌റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യത്തിൽ മൂന്ന് ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി.