റാപ്പിഡ് മോഡലിൽ അതിവേഗ ട്രെയിൻ
തിരുവനന്തപുരം: ജനങ്ങളുടെ എതിർപ്പിനെത്തുടർന്ന് വേണ്ടെന്നുവച്ച സിൽവർലൈനിനു പകരമായി റാപ്പിഡ് റെയിൽ മാതൃകയിൽ അതിവേഗ ട്രെയിൻ കൊണ്ടുവരാനുള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ നീക്കം. ഡൽഹിയിലെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റത്തിന് (ആർ.ആർ.ടി.എസ്) സമാനമായി 250കിലോമീറ്റർ വരെ വേഗത്തിലോടിക്കാവുന്ന മെട്രോയാണ് പരിഗണനയിൽ. പദ്ധതിക്ക് ഡി.പി.ആർ തയ്യാറാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. തിരുവനന്തപുരം മുതൽ തൃശൂർ വരെയും അവിടെനിന്ന് കാസർകോട്ട് വരെയും രണ്ടു ഘട്ടമായി നിർമ്മിക്കാമെന്നാണ് കണക്കുകൂട്ടൽ.
'വികസിത കേരളം" മുദ്രാവാക്യമുയർത്തി തദ്ദേശതിരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് ലഭിച്ച സ്വീകാര്യതകൂടി കണക്കിലെടുത്താണ് അതിവേഗ റെയിൽ പദ്ധതി ഊർജിതമാക്കുന്നത്. വന്ദേഭാരത് വന്നതോടെ അതിവേഗയാത്രയ്ക്ക് പ്രിയമേറിയിട്ടുണ്ട്. കേരളം അപേക്ഷിച്ചാൽ റാപ്പിഡ് റെയിൽവേക്ക് സഹകരിക്കുമെന്ന് കേന്ദ്രമന്ത്രി മനോഹർലാൽ ഖട്ടർ അടുത്തിടെ അറിയിച്ചിരുന്നു. കേന്ദ്രവും സംസ്ഥാനവും ചേർന്ന് കൊച്ചിമെട്രോ റെയിൽ പോലൊരു കമ്പനിയുണ്ടാക്കിയാൽ പദ്ധതി നടപ്പാക്കാനായേക്കും.
പദ്ധതിക്ക് അനുമതിനൽകേണ്ടത് നഗരവികസന മന്ത്രാലയമാണെങ്കിലും റെയിൽവേയുടെ സാങ്കേതികാനുമതിയടക്കം വേണ്ടിവരും. ഭൂമിയേറ്റെടുക്കാൻ എതിർപ്പുള്ളിടത്തും വെള്ളക്കെട്ടുള്ളിടത്തും എലിവേറ്റഡ് പാതയാക്കി മെട്രോ റെയിലുണ്ടാക്കാനാണ് ശ്രമം. സിൽവർലൈനിന്റെ പദ്ധതിരേഖ പരിഷ്കരിച്ച് റാപ്പിഡ് റെയിലിന്റേതുപോലെയാക്കി കേന്ദ്രത്തിന് നൽകാനാണ് നീക്കം. ഡൽഹിയിൽ ദേശീയപാതയ്ക്ക് മുകളിലൂടെ റാപ്പിഡുണ്ടെങ്കിലും വളവുകളുള്ളതിനാൽ കേരളത്തിലെ ദേശീയപാതയിൽ ഇത് സാദ്ധ്യമാവില്ല.
വെല്ലുവിളി?
ഡൽഹിയെ സമീപനഗരങ്ങളായ മീററ്റ്(യു.പി), ആൽവാർ(രാജസ്ഥാൻ), ജലന്ധർ(പഞ്ചാബ്) എന്നിവയുമായി ബന്ധിപ്പിക്കാനുള്ള പദ്ധതികളാണ് നിലവിലുള്ളത്. മീററ്റിലേക്കുള്ള പാത പൂർത്തിയായി. മറ്റുള്ളവയുടെ നിർമ്മാണം ഉടൻതുടങ്ങും. അതേസമയം, ഡൽഹിക്ക് പുറത്തേക്ക് റാപ്പിഡ് അനുവദിക്കാൻ കേന്ദ്രമന്ത്രിസഭ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിനാൽ റാപ്പിഡ് റെയിൽ സാദ്ധ്യത വിരളമാണ്. അതുകൊണ്ടാണ് അതിന്റെ മാതൃക മാത്രം പരിഗണിക്കുന്നത്.
''കേരളം പദ്ധതിരേഖ നൽകിയാൽ കേന്ദ്രം സഹകരിക്കും. വികസനകാര്യങ്ങളിൽ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കും. ലോകത്തെ ഏറ്റവും നീളമുള്ള ലീനിയർസിറ്റിയായി കേരളം മാറും. സമീപകാലത്ത് 95% നഗരവത്കരണമാവും കേരളത്തിൽ''
-മനോഹർലാൽ ഖട്ടർ
കേന്ദ്രനഗരകാര്യമന്ത്രി