ഭേദഗതി ബിൽ ലോക്സഭ പാസാക്കി: ഇൻഷ്വറൻസിൽ 100% വിദേശ നിക്ഷേപം
ന്യൂഡൽഹി: ഇൻഷ്വറൻസ് മേഖലയിൽ 100 % നേരിട്ടുള്ള വിദേശ നിക്ഷേപവും പൊതുമേഖലാ സ്ഥാപനമായ എൽ.ഐ.സിയിൽ പരിഷ്‌കാരങ്ങളും ഉറപ്പാക്കുന്ന 'സബ് കാ ബീമാ സബ് കി രക്ഷാ" ഇൻഷ്വറൻസ് ഭേദഗതി ബിൽ ലോക്സഭ പാസാക്കി. ഇന്നലെ രാവിലെ അവതരിപ്പിച്ച ബിൽ വൈകിട്ട് ചർച്ച ചെയ്ത് പാസാക്കുകയായിരുന്നു. നിക്ഷേപം വർദ്ധിപ്പിച്ച് ഇൻഷ്വറൻസ് ബിസിനസിൽ വൈവിദ്ധ്യവത്‌ക്കരണം, 2047ൽ എല്ലാവർക്കും ഇൻഷ്വറൻസ് എന്നിവയാണ് സർക്കാർ ലക്ഷ്യം.
100 ശതമാനം വിദേശ നിക്ഷേപം വന്നാലും ചെയർമാൻ, എം.ഡി തുടങ്ങി ഉന്നത പദവികളിൽ ഇന്ത്യക്കാർ തുടരും. സൈബർ, പ്രോപ്പർട്ടി, മറൈൻ മേഖലകളിലും ഇൻഷ്വറൻസ് പരിരക്ഷ നൽകും. സർക്കാരിന് കൂടുതൽ മേഖലകളിൽ ഇൻഷ്വറൻസ് ബിസിനസ് വ്യാപിപ്പിക്കാം. മേഖലകൾക്ക് അനുസൃതമായി പ്രത്യേക ലൈസൻസ്. ഇന്ത്യൻ ഇൻഷ്വറൻസ് കമ്പനികൾക്ക് വിദേശത്ത് ശാഖകൾ തുറക്കാം. വിദേശ റീ ഇൻഷ്വറൻസ് കമ്പനികൾക്ക് ഇന്ത്യയിലും ശാഖകൾ തുറക്കാം. ഇൻഷ്വറൻസ് കമ്പനികളുടെ ഓഹരി കൈമാറ്റ വ്യവസ്ഥകൾ ലഘൂകരിച്ചു. ഇൻഷ്വറൻസ് കമ്പനികളും ഇതര കമ്പനികളും തമ്മിൽ ലയിക്കാം. ഇൻഷ്വറൻസ് കമ്പനികൾക്ക് ഒന്നിലധികം മേഖലകളിൽ ബിസിനസിനുള്ള വിലക്ക് തുടരും. ഇതിനാവശ്യമായ കമ്പോസിറ്റ് ലൈസൻസിന് പുതിയ ബില്ലും അനുകൂലമല്ല.
ഇൻഷ്വറൻസ് ബില്ലിൽ പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികൾ ശബ്‌ദവോട്ടോടെ തള്ളി. ചട്ടങ്ങളിൽ വീഴ്‌ച വരുത്തുന്ന ഇൻഷ്വറൻസ് കമ്പനികൾക്കുള്ള പിഴ ഒരു കോടിയിൽ നിന്ന് 10 കോടിയായി ഉയർത്തുക, കമ്പനികൾ അമിത ലാഭമുണ്ടാക്കുന്നത് തടയാൻ നടപടി എന്നിവയായിരുന്നു പ്രതിപക്ഷത്തിന്റെ ഭേദഗതികൾ.
പുതിയ ഇൻഷ്വറൻസ് ബിൽ സാമൂഹ്യ സുരക്ഷ മറന്ന് കോർപ്പറേറ്റ് താത്‌പര്യങ്ങൾക്കായി ഇൻഷ്വറൻസ് മേഖലയെ തുറന്നു കൊടുക്കുന്നു.സ്വകാര്യവത്ക്കരണവും വിദേശ സ്വകാര്യ കമ്പനികളുടെ ആധിപത്യം ശക്തമാക്കും. എൽ.ഐ.സി, ജനറൽ ഇൻഷ്വറൻസ് പൊതുമേഖല സ്ഥാപനങ്ങളെ തകർക്കും.'
-കെ.രാധാകൃഷ്ണൻ എം.പി
എൽ.ഐ.സിക്ക് കൂടുതൽ
അധികാരങ്ങൾ
എൽ.ഐ.സിക്ക് മുംബയ്, കൊൽക്കത്ത, ഡൽഹി, കാൺപൂർ, ചെന്നൈ എന്നിവിടങ്ങളിൽ ആവശ്യമെങ്കിൽ സർക്കാർ അനുമതിയില്ലാതെ കൂടുതൽ സോണൽ ഓഫീസുകൾ സ്ഥാപിക്കാമെന്ന് ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ശാഖ വിപുലീകരണം, നിയമനം തുടങ്ങിയ കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ എൽ.ഐ.സി ബോർഡിന് അധികാരമുണ്ടാവും. പോളിസി ഉടമകളുടെ നിർണായക വിവരങ്ങൾ ഇൻഷ്വറൻസ് കമ്പനിയുടെ അനുമതിയില്ലാതെ പരസ്യപ്പെടുത്തുകയോ, മറ്റ് ഏജൻസികൾക്ക് നൽകുകയോ ചെയ്യരുത്.
നിക്ഷേപ വ്യവസ്ഥകൾ
തീരുമാനിക്കാം
മൂലധന നിക്ഷേപം, ലയനം, നിക്ഷേപ വ്യവസ്ഥകൾ തുടങ്ങിയവയിൽ തീരുമാനമെടുക്കാൻ ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിട്ടിക്ക് (ഐ.ആർ.ഡി.എ) അധികാരം.
ഏജന്റുമാർക്കുള്ള കമ്മീഷൻ, പ്രതിഫലം എന്നിവയും ഐ.ആർ.ഡി.എയ്‌ക്ക് തീരുമാനിക്കാം.
ഇൻഷ്വറൻസ് കമ്പനികൾക്കു മേൽ ചുമത്തുന്ന പിഴത്തുക പോളിസി ഉടമകൾക്ക് ബോധവത്‌കരണത്തിനും സംരക്ഷണ ഫണ്ട് രൂപീകരിക്കാനും.
ഐ.ആർ.ഡി.എ മേധാവിക്കും അംഗങ്ങൾക്കും അഞ്ചുവർഷ കാലാവധി അല്ലെങ്കിൽ 65 വയസ് പ്രായപരിധി (നിലവിൽ 62)