ഇരട്ട സെഞ്ച്വറിയടിച്ച് അഭിഞ്ജാൻ കുണ്ഡു

Tuesday 16 December 2025 11:53 PM IST

ദുബായ്: യൂത്ത് ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കാഡ് സ്വന്തമാക്കി ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീം അംഗം അഭിഞ്ജാൻ കുണ്ഡു. ദുബായ്‌യിൽ ഇന്നലെ അണ്ടർ 19 ഏഷ്യാ കപ്പിൽ മലേഷ്യയ്‌ക്കെതിരായ മത്സരത്തിലാണ് 17-കാരനായ കുണ്ഡു 125 പന്തുകളിൽ 17ഫോറുകളും 9 സിക്സുകളും അടക്കം 209 റൺസ് നേടിയത്. ഇതോടെ യൂത്ത് ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും ഉയർന്ന സ്‌കോർ എന്ന വൈഭവ് സൂര്യവംശിയുടെ (171) പേരിലുണ്ടായിരുന്ന റെക്കാഡ് കുണ്ഡു സ്വന്തമാക്കി. ഈ ടൂർണമെന്റിൽ യുഎഇക്കെതിരെയാണ് വൈഭവ് ഈ സ്കോറിലെത്തിയിരുന്നത്.

ഇന്നലെ വൈഭവും (50), വേദാന്തും (90) അർദ്ധസെഞ്ച്വറി നേടുകകൂടി ചെയ്തതോടെ ആദ്യം ബാറ്റ്ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 408/7 എന്ന സ്കോർ ഉയർത്തി.മറുപടിക്കിറങ്ങിയ മലേഷ്യ93 റൺസിന് ആൾഔട്ടായി. 315 റൺസിനാണ് ഇന്ത്യൻ ജയം.

ദക്ഷിണാഫ്രിക്കക്കാരൻ ജോറിച്ച് വാൻ ഷാൽക്വിക്കിന് ശേഷം യൂത്ത് ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം താരമാണ് കുണ്ഡു. വാൻ ഷാൽക്വിക്കിന്റെ 215-ന് ശേഷം അണ്ടർ 19 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഉയർന്ന സ്‌കോർ എന്ന നേട്ടവും ഇന്ത്യൻ താരത്തിന് സ്വന്തമായി. അണ്ടർ 19 ഏഷ്യാ കപ്പിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും കൂടിയാണിത്.