നാലാമങ്കം ഇന്ന് ലക്നൗവിൽ, ജയിച്ചാൽ പരമ്പര

Wednesday 17 December 2025 1:56 AM IST

ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ട്വന്റി-20 ഇന്ന് ലക്നൗവിൽ

ഈ കളി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം

7 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലും ലൈവ്

ലക്നൗ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ലക്നൗവിൽ നടക്കും. പരമ്പരയിലെ ആദ്യത്തേയും മൂന്നാമത്തേയും മത്സരങ്ങളിൽ ജയിച്ചിരുന്ന ഇന്ത്യയ്ക്ക് ഇന്നുകൂടി ജയിക്കാൻ കഴിഞ്ഞാൽ അഞ്ചുമത്സര

പരമ്പര സ്വന്തമാക്കാനാകും. ഇന്ന് ദക്ഷിണാഫ്രിക്ക ജയിക്കുകയാണെങ്കിൽ വെള്ളിയാഴ്ച അഹമ്മദാബാദിൽ നടക്കുന്ന മത്സരം നിർണായകമാകും. ഓപ്പണർ ശുഭ്മാൻ ഗിൽ ഫോമിലേക്ക് തിരിച്ചെത്തുന്നതിന്റെ സൂചനകൾ കഴിഞ്ഞമത്സരത്തിൽ നൽകിയതിന്റെ ആശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുക. എന്നാൽ നായകൻ സൂര്യകുമാർ യാദവ് തുടർച്ചയായി നിരാശപ്പെടുത്തുന്നത് ആശങ്കയാണ്. രണ്ടാം മത്സരത്തിന് ശേഷം സുഖമില്ലാതെയായ ആൾറൗണ്ടർ അക്ഷർ പട്ടേലിനെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഇന്ത്യ ഒഴിവാക്കിയിട്ടുണ്ട്. ധർമ്മശാലയിൽ കുൽദീപ് യാദവാണ് അക്ഷറിന് പകരം കളിച്ചിരുന്നത്. ടീമിലേക്ക് അക്ഷറിന്റെ പകരക്കാരനായി ഷഹബാസ് അഹമ്മദിനെ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നും കുൽദീപാകും കളിക്കാനിറങ്ങുക. വ്യക്തിപരമായ കാരണങ്ങളാൽ കഴിഞ്ഞ മത്സരത്തിൽ നിന്ന് വിട്ടുനിന്നിരുന്ന ജസ്പ്രീത് ബുംറ ലക്നൗവിലും കളിക്കാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ.

ആദ്യ മൂന്ന് മത്സരങ്ങളിലും ബെഞ്ചിലിരുന്ന മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണിന് നാളെയെങ്കിലും കളിക്കാൻ കഴിയുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഓപ്പണറായി ശുഭ്മൻ ഗിൽ തരക്കേടില്ലാതെ ബാറ്റ് ചെയ്തതോടെ ഓപ്പണറായി സഞ്ജുവിന് അവസരം ലഭിച്ചേക്കില്ല. ജിതേഷ് ശർമ്മയ്ക്ക് പകരം വിക്കറ്റ് കീപ്പറാകാനും മദ്ധ്യനിരയിൽ ബാറ്റ്ചെയ്യാനുമാകും അവസരം ലഭിക്കുക.