വമ്പന്‍ പദ്ധതിയില്‍ കേരളത്തിന് പങ്കാളിത്തം; റഫാലിലെ റഡാര്‍ സംവിധാനം 'മേഡ് ഇന്‍ കൊച്ചി'
കൊച്ചി: റഫാല്‍ യുദ്ധ വിമാനങ്ങളിലെ റഡാര്‍ സംവിധാനത്തിനായി അതിനൂതന വയേര്‍ഡ് സ്ട്രക്ചറുകള്‍ നിര്‍മ്മിക്കാന്‍ കൊച്ചി ആസ്ഥാനമായ എസ്.എഫ്.ഒ ടെക്നോളജീസും ഫ്രഞ്ച് എയ്റോസ്പേസ്, പ്രതിരോധ സ്ഥാപനമായ താലെസും കരാര്‍ ഒപ്പിട്ടു.
റഫാലില്‍ ഉപയോഗിക്കുന്ന 'ആര്‍.ബി.ഇ.2' റഡാറിന്റെ സങ്കീര്‍ണമായ വയര്‍ ഘടനകള്‍ നിര്‍മ്മിക്കാനുള്ള കരാര്‍ 'മേക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി എസ്.എഫ്.ഒ ടെക്നോളജീസിന് കൈമാറി. റാഫേല്‍ ഉപകരണങ്ങളുടെ ഉത്പാദനത്തില്‍ പങ്കുചേരുന്നതിലൂടെ പ്രാദേശിക ഉത്പാദനക്ഷമത ഉറപ്പാക്കുകയാണെന്ന് എസ്.എഫ്.ഒ ടെക്നോളജീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എന്‍. ജഹാന്‍ഗീര്‍ പറഞ്ഞു.
മേക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള പ്രതിബദ്ധതയാണ് കരാറെന്ന് താലെസ് കമ്പനിയുടെ ഓപ്പറേഷന്‍സ് ആന്‍ഡ് പെര്‍ഫോമെന്‍സ് വിഭാഗം സീനിയര്‍ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ഫിലിപ്പ് നൊചെ പറഞ്ഞു.
ഇന്ത്യന്‍ നാവികസേനയ്ക്കായി 26 റഫേല്‍ വിമാനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിനെ തുടര്‍ന്നാണ് സഹകരണം. കൃത്യതയാര്‍ന്ന യന്ത്രവത്കരണം, അസംബ്ലിംഗ്, വയറിംഗ്, ഇലക്ട്രോണിക്സ്, മൈക്രോ ഇലക്ട്രോണിക്സ്, സങ്കീര്‍ണമായ സിസ്റ്റം ഇന്റഗ്രേഷന്‍ എന്നിവയ്ക്ക് പിന്തുണ നല്‍കുന്നതാണ് സഹകരണം.