നാടകാന്തം ഒത്തുതീർപ്പ്: സിസ സാങ്കേതിക വി.സി, ഡിജിറ്റലിൽ സജി,​ സമവായം ഞായറാഴ്ചത്തെ പിണറായി- ആർലേക്കർ കൂടിക്കാഴ്ചയിൽ

Wednesday 17 December 2025 1:51 AM IST

തിരുവനന്തപുരം: വി.സി നിയമനത്തിലെ ഗവർണർ- മുഖ്യമന്ത്രി പോര്നാടകത്തിന് വിരാമം. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വൈസ്ചാൻസലർമാരെ നിയമിച്ച് സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കാനിരിക്കെ, സർക്കാരുമായുള്ള ഏറ്റുമുട്ടൽ അവസാനിപ്പിച്ച് ഇന്നലെ രാത്രി ഗവർണർ വി.സിമാരെ നിയമിച്ച് വിജ്ഞാപനമിറക്കി. സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെയും ഡിജിറ്റൽ സർവകലാശാലയിൽ ഡോ. സജി ഗോപിനാഥിനെയുമാണ് വി.സി യാക്കിയത്. സമവായത്തിലെത്താൻ പലവട്ടം സുപ്രീംകോടതി കൈകൂപ്പി ആവശ്യപ്പെട്ടിട്ടും വഴങ്ങാതിരുന്ന സർക്കാരും ഗവർണറും നിയമനം സുപ്രീംകോടതി ഏറ്റെടുത്തതിനു പിന്നാലെയാണ് വഴങ്ങിയത്.

വി.സി നിയമന അധികാരം ഗവർണറായ ചാൻസർക്കാണെന്ന് സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസ് പി.സദാശിവം പങ്കെടുത്ത യോഗത്തിൽ കേരള ഗവർണർ ചൂണ്ടിക്കാട്ടിയിരുന്നു. കൂടുതൽ നിയമക്കുരുക്കിലേക്ക് പോവാതെ സമവായത്തിലൂടെ രണ്ടിടത്തും നിയമനമുണ്ടാവുമെന്ന് 'കേരളകൗമുദി' ഇന്നലെ റിപ്പോർട്ട് ചെയ്തു.

വി.സിമാരെ നിയമിച്ചതായി ഗവർണർ ഇന്ന് സുപ്രീംകോടതിയെ അറിയിക്കും. ഞായറാഴ്ച വൈകിട്ട് രണ്ടുവട്ടം മുഖ്യമന്ത്രി ലോക്ഭവനിലെത്തി ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഒത്തുതീർപ്പായത്. സിസയെ നിയമിച്ചില്ലെങ്കിൽ സർക്കാരിന് താത്പര്യമുള്ള സജി ഗോപിനാഥിനെ നിയമിക്കില്ലെന്നും ഡിജിറ്റൽ സർവകലാശാലയിലെ ഗവേഷണഫണ്ട് ക്രമക്കേടിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രത്തെ സമീപിക്കുമെന്നും ഗവർണർ സൂചിപ്പിച്ചതായാണ് അറിയുന്നത്.

സുപ്രീംകോടതി ഏറ്റെടുത്താൽ?​

വി.സി നിയമനം സുപ്രീംകോടതി ഏറ്റെടുത്താൽ ഇനിയുള്ള ഒരുഡസനോളം നിയമനങ്ങളിലും ഇതാവും സ്ഥിതിയെന്ന് ഗവർണർ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കോഴിക്കോട് എൻ.ഐ.ടിയിലെ ഡോ. പ്രിയാചന്ദ്രനെയാണ് ഡിജിറ്റലിലേക്ക് ഗവർണർ നിർദ്ദേശിച്ചത്. എന്നാൽ,​ സജിഗോപിനാഥിനെ നിയമിക്കണമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. പിന്നാലെ അഡ്വക്കേറ്റ് ജനറലുമായടക്കം ചർച്ചനടത്തിയശേഷമാണ് സിസയെ അംഗീകരിച്ച് മുഖ്യമന്ത്രി സമവായത്തിന് സമ്മതിച്ചത്. 4വർഷ കാലാവധിയിലാണ് നിയമനം.

ഡോ. സിസാതോമസ്

തിരുവനന്തപുരം ഗവ. എൻജി. കോളേജിൽ നിന്ന് ബി.ടെക്, എം.ടെക്, ബംഗളൂരു ഐ.ഐ.ടിയിൽ നിന്ന് പിഎച്ച്.ഡി. സാങ്കേതികവിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടറും ഗവ. എൻജി. കോളേജ് പ്രിൻസിപ്പലുമായിരുന്നു. അമേരിക്കയിലെ പിറ്റ്സ്ബർഗ് കാർനെഗി മെല്ലോൺ യൂണിവേഴ്സിറ്റിയിൽ കേന്ദ്ര സ്കോളർഷിപ്പോടെ സൈബർ സെക്യൂരിറ്റിയിൽ പരിശീലനം നേടി. സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിൽ താത്കാലിക വി.സിയായിരുന്നു. കേരള വി.സിയുടെ ചുമതലയും വഹിച്ചു. തിരുവനന്തപുരം ഐ.ഐ.എസ്.ടിയുടെ ഓംബുഡ്സ്മാനാണ്. ടെക്നോപാർക്ക്, ഇൻഫോപാർക്ക് അടക്കം ഐ.ടിസ്ഥാപനങ്ങളിലെ സി.ഇ.ഒ നിയമനത്തിനുള്ള വിദഗ്ദ്ധസമിതിയംഗം. മാവേലിക്കര സ്വദേശിയാണ്. ഡോ.ജോൺ തരകനാണ് (റിട്ട.ഐ.എസ്.ആർ.ഒ) ഭർത്താവ്. ഡോ.അൽക്ക ജൊഹാൻ, അലിൻ തോമസ് തരകൻ എന്നിവർ മക്കൾ.

ഡോ.സജിഗോപിനാഥ്

ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് പിഎച്ച്.ഡി നേടി. നിലവിൽ കോഴിക്കോട് ഐ.ഐ.എം പ്രൊഫസർ. ഡിജിറ്റൽ സർവകലാശാലയുടെ ആദ്യ വി.സിയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ്- കേരള (ഐ.ഐ.ഐ.ടി.എം.കെ) ഡയറക്ടറായിരുന്ന സജി ഗോപിനാഥിനെ 2020 ജൂലായിലാണ് ഡിജിറ്റൽ വാഴ്സിറ്റിയുടെ പ്രഥമ വി.സിയാക്കിയത്. സ്റ്റാർട്ടപ് മിഷന്റെ സി.ഇ.ഒയുമായിരുന്നു. നോയിഡ ബെനറ്റ് യൂണിവേഴ്സിറ്റിയിൽ ഡീൻ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഹൈപവർ ഐ.ടി കമ്മിറ്റിയിലെ അംഗവുമായിരുന്നു. ഡിജിറ്റൽ വി.സിയാവുന്നത് രണ്ടാംവട്ടം. സാങ്കേതിക വി.സിയുടെ ചുമതലയും വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം മുട്ടട സ്വദേശിയാണ്.