അച്ചൻകോവിൽ, ആര്യങ്കാവ് ശ്രീധർമ്മ ശാസ്താക്ഷേത്രങ്ങളിൽ മണ്ഡല മഹോത്സവം

Wednesday 17 December 2025 12:21 AM IST
അച്ചൻകോവിൽ, ആര്യങ്കാവ് ക്ഷേത്രങ്ങളിലെ അയ്യപ്പ വിഗ്രഹങ്ങളിൽ ചാർത്തേണ്ട തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്നു പുറപ്പെടുന്നു

പുനലൂർ: അച്ചൻകോവിൽ, ആര്യങ്കാവ് ശ്രീ ധർമ്മശാസ്താ ക്ഷേത്രങ്ങളിലേക്കുള്ള തിരുവാഭരണ ഘോഷയാത്രയ്ക്ക് ഭക്തിനിർഭര വരവേല്പ്. പുനലൂർ പുതിയിടത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണം ഇന്നലെ രാവിലെ 6.40ന് ദേവസ്വം അധികൃതരുടെ സാന്നിദ്ധ്യത്തിൽ പുറത്തെടുത്ത് പ്രത്യേകമായി അലങ്കരിച്ച പന്തലിൽ ഭക്തർക്ക് ദർശനത്തിനായി വച്ചു. തുടർന്ന് 9.20ന് അച്ചൻകോവിൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്കുള്ള തിരുവാഭരണം മണികണ്ഠൻ, രമേശൻ എന്നിവരും കറുപ്പ് സ്വാമി കോവിലിലേക്കുള്ള പേടകം ഗോകുൽ പ്രദീപ്, വിഷ്ണു രാമചന്ദ്രൻ എന്നിവരും ആര്യങ്കാവിലേത് അവിടത്തെ സ്വാമിമാരും ഏറ്റുവാങ്ങി തലച്ചുമടായി ക്ഷേത്രത്തിന് മുന്നിൽ നിറുത്തിയിട്ടിരുന്ന അലങ്കരിച്ച രഥത്തിൽ സ്ഥാപിച്ചതോടെ തിരുവാഭരണ ഘോഷയാത്ര ആരംഭിച്ചു. മുന്നിലായി പഞ്ചവാദ്യം, മുത്തുക്കുട, താലപ്പൊലി, കേരള - തമിഴ്നാട് പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, ദേവസ്വം ഉദ്യോഗസ്ഥർ, ഉപദേശക സമിതികൾ, ഭക്തജനങ്ങൾ എന്നിവരുടെ അകമ്പടിയോടെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ആര്യങ്കാവിൽ എത്തി ക്ഷേത്രത്തിലെ തിരുവാഭരണം ഇറക്കി വച്ചു. തുടർന്ന് തമിഴ്നാട്ടിലെ തെങ്കാശി, ചെങ്കോട്ട, തിരുമലക്കോവിൽ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 6.20ന് അച്ചൻകോവിലിൽ എത്തിച്ചേർന്നു.

തുടർന്ന് 6.40 ന് തിരുവാഭരണങ്ങൾ ക്ഷേത്ര മേൽശാന്തി ഏറ്റുവാങ്ങി ദേവന് ചാർത്തി ദീപാരാധന നടത്തിയതോടെ ഘോഷയാത്രയ്ക്ക് സമാപനമായി. പുനലൂരിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയ്ക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.രാജു, പത്തനംതിട്ട ഗ്രൂപ്പ് ഡെപ്യൂട്ടി കമ്മിഷണർ ജി. മുരളീധരൻ പിള്ള, പുനലൂർ ഗ്രൂപ്പ് അസി.കമ്മിഷണർ എസ്. വിനോദ് കുമാർ, സബ് ഗ്രൂപ്പ് ഓഫീസർമാരായ ബി.പി. നിർമ്മലാനന്ദൻ, സി. ജയകുമാർ, എൻ. വേണുഗോപാൽ, ആഘോഷ കമ്മറ്റി വൈസ്.ചെയർമാൻ ബി.വിജയൻ പിള്ള, ജനറൽ കൺവീനർ ബി.ജ്യോതിനാഥ് എന്നിവർ നേതൃത്വം നൽകി.ക് ഷേത്രത്തിൽ പായസവിതണം, അന്നദാനം എന്നിവയും നടന്നു.