ഷാജി ബേബിജോണിന് നാടിന്റെ യാത്രാമൊഴി

Wednesday 17 December 2025 12:24 AM IST

കൊല്ലം: ആർ.എസ്.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ മകനും കിംഗ്സ് ഇൻഫ്രാ വെഞ്ച്വേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറും ആർ.എസ്.പി സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ഷിബു ബേബിജോണിന്റെ ജ്യേഷ്ഠ സഹോദരനുമായ ഷാജി ബേബിജോണിന് നാട് യാത്രാമൊഴി ചൊല്ലി.

ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലിരിക്കെ ബംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെയാണ് ഷിജു ബേബിജോൺ അന്തരിച്ചത്. ഇന്നലെ രാവിലെ ഒൻപതോടെ കൊല്ലം ശങ്കേഴ്സ് ആശുപത്രിക്ക് സമീപത്തെ വീട്ടിൽ ഷാജി ബേബിജോണിന്റെ ഭൗതികദേഹം പൊതുദർശനത്തിന് വച്ചു. തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ വിലാപയാത്രയായി നീണ്ടകരയിലെ കുടുംബ വീടായ വയലിൽ വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ട് 3.30ന് നീണ്ടകര സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സംസ്കാരത്തിനായി കൊണ്ടുപോകും മുമ്പ് മാതാവ് അന്നമ്മ ബേബിജോൺ, ഭാര്യ റീത്ത, മക്കളായ ബേബിജോൺ ഷാജി, പീറ്റർ ജോൺ സഹോദരങ്ങളായ ഷിബു ബേബിജോൺ, ഷീല ജയിംസ് തുടങ്ങിയ ഉറ്റബന്ധുക്കൾ അന്ത്യചുംബനം നൽകി. കൊല്ലം ബിഷപ്പ് പോൾ ആന്റണി മുല്ലശേരിയുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ശുശ്രൂഷ.

മന്ത്രി കെ.എൻ.ബാലഗോപാൽ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ പി.സി.വിഷ്ണുനാഥ്, സി.ആർ.മഹേഷ്, ഡോ. സുജിത്ത് വിജയൻപിള്ള, സി.പി.എം ജില്ലാ ആക്ടിംഗ് സെക്രട്ടറി എസ്.ജയമോഹൻ, ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, മുൻ മന്ത്രി ജെ.മേഴ്സിക്കുട്ടിഅമ്മ, ആർ.എസ്.പി മുൻ സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ബിന്ദുകൃഷ്ണ, കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ തുടങ്ങിയ സാമൂഹ്യ, രാഷ്ട്രീയ, ബിസിനസ് രംഗങ്ങളിലെ നൂറുകണക്കിന് പേർ അന്ത്യാഞ്ജലി അർപ്പിച്ചു.