പെട്ടിക്കട തീയിട്ട് നശിപ്പിച്ചു
Wednesday 17 December 2025 12:26 AM IST
കൊട്ടാരക്കര: മൈലം ഗ്രാമപഞ്ചായത്തിലെ കോട്ടാത്തല പെരുംകുളം കളീലുവിള ജംഗ്ഷനിൽ പെട്ടിക്കട തീയിട്ട് നശിപ്പിച്ചു. കളീലുവിള തിരുവാതിരയിൽ മിനിയുടെ പെട്ടിക്കടയാണ് കത്തി നശിച്ചത്. പുലർച്ചെ ഒന്നോടെയാണ് സംഭവം. രാത്രി സോഡയും മറ്റും പൊട്ടിത്തെറിക്കുന്ന ശബ്ദംകേട്ടാണ് ആളുകൾ ഓടിക്കൂടിയത്. കോൺക്രീറ്റ് കടയുടെ മുൻഭാഗത്തായി സ്ഥാപിച്ചിരുന്ന പെട്ടിക്കട പൂർണമായും കത്തിയമർന്നു. ഇവിടെ നിന്ന് വടിവാൾ കണ്ടെടുത്തതോടെയാണ് വിഷയത്തിന് കൂടുതൽ ഗൗരവമുണ്ടായത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിക്കുവേണ്ടി തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് വേണ്ടി മിനിയുടെ ഭർത്താവ് പ്രവർത്തിച്ചിരുന്നുവെന്നാണ് വിവരം. ഇതിന്റെ പേരിലാണ് കട കത്തിച്ചതെന്ന തരത്തിലാണ് പൊലീസ് അന്വേഷിക്കുന്നത്. കൊട്ടാരക്കര പൊലീസ് കേസെടുത്തു.