ധീരയിൽ സ്വയം രക്ഷാപരിശീലനം നേടി 400 വിദ്യാർത്ഥിനികൾ
കൊല്ലം: വിദ്യാർത്ഥിനികളെ ആയോധനകലകൾ ഉൾപ്പടെ അഭ്യസിപ്പിച്ച് സ്വയം പ്രതിരോധത്തിന് സജ്ജരാക്കുന്ന 'ധീര' പദ്ധതിയുടെ മൂന്നാംഘട്ടത്തിൽ പരിശീലനം പൂർത്തിയാക്കിയത് 400 വിദ്യാർത്ഥികൾ. വനിത ശിശുവികസന വകുപ്പ്, സംസ്ഥാന നിർഭയ സെൽ, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ നടക്കുന്ന പദ്ധതി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിലാണ് നടത്തിയത്. സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സഹായത്തോടെയാണ് ഓരോ സ്കൂളിൽ നിന്നും 10 മുതൽ 16 വയസ് വരെയുള്ള 80 വിദ്യാർത്ഥിനികളെ തിരഞ്ഞെടുത്തത്. പൊലീസ് വകുപ്പിന്റെ പ്രത്യേക സെൽഫ് ഡിഫൻസ് ട്രെയിനർമാർ മുഖേനയാണ് പരിശീലനം നൽകിയത്. സ്വയം പ്രതിരോധ മാർഗങ്ങൾ ആർജ്ജിക്കാൻ 2 മണിക്കൂർ ദൈർഘ്യമുള്ള പരിശീലന ക്ലാസുകളാണ് നൽകിയത്. ഓരോ സ്കൂളിലും നാല് ക്ലാസ് വീതമാണ് നൽകിയത്. പരിശീലനം വിജയകരമായി പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥിനികൾക്കും സർട്ടിഫിക്കേറ്റുകളും വിതരണം ചെയ്യും. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ ചുമതലയിൽ പൊലീസ്, വിദ്യാഭ്യാസ വകുപ്പുകളുടെ സഹകരണവും പദ്ധതിക്കുണ്ടായിരുന്നു. 2022-23ലാണ് ആദ്യമായി ജില്ലയിൽ പദ്ധതി ആരംഭിച്ചത്.
'അവൾക്കൊപ്പം' നീളില്ല കൈകൾ
പെൺകുട്ടികളിൽ ആത്മവിശ്വാസവും ധൈര്യവും വളർത്തുക
ശാരീരിക- മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക
അതിക്രമങ്ങളെക്കുറിച്ച് ബോധവതികളാക്കുക
അടിയന്തര സാഹചര്യങ്ങളിൽ സ്വയരക്ഷ ഉറപ്പാക്കുക
പദ്ധതി പൂർത്തിയായത്
തേവള്ളി ഗവ.മോഡൽ എച്ച്.എസ് ഫോർ ഗേൾസ്
അഴീക്കൽ ജി.എച്ച്.എസ്
ശാസ്താംകോട്ട ജി.എച്ച്.എസ്.എസ്
മുട്ടറ ജി.വി.എച്ച്.എസ്.എസ്
പുന്നല ജി.വി.എച്ച്.എസ്.എസ്
ആദ്യഘട്ട കരാട്ടെ പരിശീലനം നേടിയവർ
90
രണ്ടാംഘട്ടം സ്വയം പ്രതിരോധ പരിശീലനം നേടിയവർ
300
പദ്ധതിയുടെ മൂന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചു. ഓരോ ഘട്ടത്തിലും ആദ്യത്തെ ഘട്ടത്തേക്കാൾ കൂടുതൽ വിദ്യാർത്ഥിനികളെ പദ്ധതിയിൽ ഉൾപ്പെടുത്തി പരിശീലനം നൽകാൻ സാധിക്കുന്നുണ്ട് - ജില്ലാ ശിശു സംരക്ഷണ ഓഫീസർ