കേരളത്തിലെ ഈ പൊലീസ് സ്റ്റേഷനില്‍ നിന്ന് മാറ്റിയത് 580 കിലോ സാധനം; ഉടമയ്ക്ക് തിരിച്ചുകിട്ടിയത് 80 ലക്ഷത്തിന്റെ മുതല്‍

Wednesday 17 December 2025 12:45 AM IST

കൊച്ചി: ഒരുമാസത്തോളം മരട് പൊലീസ് സ്റ്റേഷനില്‍ നിറഞ്ഞുനിന്ന ഏലക്കാ സുഗന്ധം മാഞ്ഞു. തൊണ്ടിമുതലായ 580 കിലോ ഏലക്കാ കോടതി അനുമതിയോടെ പരാതിക്കാരനായ കുണ്ടന്നൂരിലെ സ്റ്റീല്‍ വ്യാപാരിക്ക് വിട്ടുനല്‍കി. തോക്കു ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസിലാണ് 10 ഏലച്ചാക്കുകള്‍ പൊലീസിന്റെ തലയിലായത്. ഏലം കേടാകുമെന്ന് കണ്ടാണ് കോടതി പരാതിക്കാരന് വിട്ടുനല്‍കാന്‍ അനുമതി നല്‍കിയത്. ഒക്ടോബര്‍ ഏഴിന് വൈകിട്ടായിരുന്നു തൊണ്ടിയായി ഏലച്ചാക്കുകള്‍ പൊലീസ് സ്റ്റേഷനില്‍ എത്താനിടയാക്കിയ സംഭവം.

കുണ്ടന്നൂരില്‍ സ്റ്റീല്‍ വ്യാപാരിയെ തോക്കുചൂണ്ടിയും വടിവാള്‍ കാട്ടിയും ഭയപ്പെടുത്തിയും മുഖംമൂടി സംഘം 80 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. കേസില്‍ ഏലം കര്‍ഷകരടക്കം 11 പേരെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ജോജി ജോസി തട്ടിയെടുത്ത പണം സൂക്ഷിക്കാന്‍ ഇടുക്കി സ്വദേശിയായ ഏലം കര്‍ഷകനെയാണ് ഏല്‍പ്പിച്ചിരുന്നത്. ജോജിയുടെ നിര്‍ദ്ദേശപ്രകാരം ഇയാള്‍ 14 ലക്ഷം രൂപയ്ക്ക് ഏലം വാങ്ങി. പ്രതികള്‍ ഒന്നൊന്നായി പിടിയിലായപ്പോഴാണ് ഏലം വാങ്ങിയ വിവരം പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് 10 ചാക്ക് ഏലം കസ്റ്റഡിയിലായി.

ചില പണമിടപാട് സംഘങ്ങളുമായി സ്റ്റീല്‍ വ്യാപാരിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സംഭവം നടക്കുന്നതിന് രണ്ടാഴ്ച മുമ്പ് കൊല്ലം സ്വദേശിയുമായി ചേര്‍ന്ന് സാമ്പത്തിക ഇടപാടും നടത്തി. അന്ന് പരിചയപ്പെട്ട കൊച്ചിയിലെ നോട്ടിരട്ടിപ്പ് സംഘത്തിലെ കണ്ണികളും എറണാകുളം സ്വദേശികളുമായി അടുപ്പിച്ചു. 80 ലക്ഷം രൂപ നല്‍കിയാല്‍ 1.20 കോടി രൂപ തിരികെ നല്‍കുമെന്നായിരുന്നു ഡീല്‍. പണം കൈപ്പറ്റാന്‍ ഇടപാടുകാര്‍ സ്റ്റീല്‍ വ്യാപാര കേന്ദ്രത്തില്‍ എത്തിയതിന് പിന്നാലെ മൂന്നംഗ മുഖംമൂടി സംഘം തോക്കും വടിവാളുമായി അതിക്രമിച്ച് കയറി പണം തട്ടുകയായിരുന്നു.