ചികിത്സാ നിരക്ക് പ്രദർശിപ്പിക്കൽ സ്വകാര്യ ആശുപത്രികൾക്ക് എതിരെ തത്കാലം നടപടി വേണ്ട സുപ്രീംകോടതി നിർദ്ദേശം
ന്യൂഡൽഹി: ചികിത്സാ നിരക്കും ഡോക്ടർമാരുടെ വിദ്യാഭ്യാസ യോഗ്യതയുമടക്കം പ്രദർശിപ്പിക്കാത്തതിന്റെ പേരിൽ കേരളത്തിലെ സ്വകാര്യ ആശുപത്രികൾക്കെതിരെ തത്കാലം കടുത്ത നടപടി ഉണ്ടാവില്ല. ഇതുമായി ബന്ധപ്പെട്ട ഹർജി വീണ്ടും പരിഗണിക്കുന്ന 2026 ഫെബ്രുവരി മൂന്നുവരെ ആശുപത്രികൾക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചു.
2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ്സ് (രജിസ്ട്രേഷൻ ആൻഡ് റെഗുലേഷൻ) നിയമപ്രകാരം രജിസ്ട്രേഷൻ നേടാനുള്ള നടപടികളുമായി സ്വകാര്യ ആശുപത്രികൾക്ക് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. ഈ കാലയളവിൽ സർക്കാർ കടുത്ത നടപടികൾ സ്വീകരിക്കരുതെന്നാണ് നിർദ്ദേശം.
ചികിത്സാ നിരക്ക് പ്രദർശിപ്പിക്കണമെന്നതടക്കം നിയമത്തിലെ വ്യവസ്ഥകളെയും, അതംഗീകരിച്ച ഹൈക്കോടതി വിധിയെയും ചോദ്യം ചെയ്‌ത് കേരള പ്രൈവറ്റ് ഹോസ്‌പിറ്റൽസ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. സംസ്ഥാന സർക്കാർ അടക്കം എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാനും ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
നിയമത്തിലെ 19ാം വകുപ്പു പ്രകാരം സ്ഥിരം രജിസ്ട്രേഷൻ നിർബന്ധമാണ്. നടപടികൾ പൂർത്തിയാക്കാൻ സമയം ആവശ്യമാണെന്ന് അസോസിയേഷനു വേണ്ടി ഹാജരായ അഡ്വ. ഗോപാൽ ശങ്കരനാരായണൻ, അഡ്വ. പി.എസ്. സുൽഫിക്കർ അലി, അഡ്വ. ലക്ഷ്‌മിശ്രീ പുത്തൻപുരയ്‌ക്കൽ എന്നിവർ വാദിച്ചു. ചികിത്സാ നിരക്കും, പാക്കേജ് റേറ്റും പ്രദർശിപ്പിക്കണമെന്ന നിയമത്തിലെ 39ാം വകുപ്പ് ഏകപക്ഷീയമായി നടപ്പാക്കുന്നുവെന്നും കുറ്റപ്പെടുത്തി.
സ്വകാര്യതയെ ബാധിക്കും
ഡോക്‌ടർമാരുടെ വിദ്യാഭ്യാസ യോഗ്യതയും, രജിസ്ട്രേഷൻ നമ്പറും, ജീവനക്കാരുടെ വിവരങ്ങളും പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്ന സർക്കാർ നിർദ്ദേശത്തെ ഹർജിക്കാർ എതിർത്തു. സ്വകാര്യതയെ അത് ബാധിക്കും. എന്നാൽ, മുൻകൂറായി പണം അടയ്‌ക്കാത്തതിന്റെ പേരിലോ, രേഖകൾ കൈവശമില്ലാത്തതിന്റെ പേരിലോ ചികിത്സ നിഷേധിക്കരുതെന്ന ഹൈക്കോടതി നിർദ്ദേശത്തിൽ എതിർപ്പില്ലെന്നും അറിയിച്ചു.