ഹൈടെക് സ്കൂളിൽ സീലിങ് തകർന്ന് വീണു 

Wednesday 17 December 2025 1:26 AM IST

ബൈസൺവാലി: സർക്കാർ വക ഹൈടെക്ക് സ്കൂളിലെ ക്ളാസ് മുറിയിൽ പി.വി.സി സീലിങ് തകർന്നു വീണു. ഇന്നലെ ഉച്ചയ്ക്ക് 12 ന് ക്ളാസ് നടക്കുന്നതിനിടയിൽ ബൈസൺവാലി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ നാലാംക്ലാസ് മുറിയുടെ സീലിങ്ങാണ് തകർന്നു വീണത്.സീലിങ്ങ് തകർന്നു വീഴുന്ന സമയത്ത് ക്ലാസിൽ നിരവധി കുട്ടികളും അദ്ധ്യാപകനും ഉണ്ടായിരുന്നു.പരിഭ്രാന്തരായി പുറത്തേക്ക് ഓടിയവരിൽ നാല് വിദ്യാർത്ഥികൾക്ക് വാതിൽപ്പടിയിൽ ഇടിച്ച് നിസാര പരിക്കേറ്റു.ഒരു വർഷം മുൻപാണ് 3 കോടി രൂപ മുടക്കി ഹൈടെക് സ്‌കൂളാക്കി കെട്ടിട നിർമ്മാണം നടത്തിയത്. കഴിഞ്ഞ വർഷം ഫ്രെബുവരിയിലാണ് ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയത്.ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടത്തിന് സീലിങ്ങ് നിർമ്മാണം നടത്തിയത്.ഒരു വർഷം തികയും മുൻപ് തന്നെ സീലിങ് തകർന്നു വീണത് നിർമ്മാണത്തിലെ അപാകത മൂലമാണെന്ന് നാട്ടുകാർ ആരോപിച്ചു. ബി.ജെ.പി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.