ഗുരുവായൂരിൽ കുചേല ശില്പം: അനാവരണം ഇന്ന്

Wednesday 17 December 2025 1:29 AM IST

പയ്യന്നൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കിഴക്കേനടയിലെ മഞ്ജുളാൽ തറയിൽ സ്ഥാപിച്ച പുതിയ കുചേല ശില്പം കുചേല ദിനമായ ഇന്നു രാവിലെ 9ന് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ ഡോ.വി.കെ.വിജയൻ അനാവരണം ചെയ്യും. മഞ്ജുളാൽ തറയിൽ നേരത്തെ ഉണ്ടായിരുന്ന ഗരുഡ ശില്പം കാലപ്പഴക്കത്താൽ ജീർണാവസ്ഥയിൽ ആയതിനെ തുടർന്ന്, ചലച്ചിത്ര നിർമ്മാതാവ് വേണു കുന്നപ്പിള്ളി വെങ്കലത്തിൽ തീർത്ത പുതിയ ശില്പം സമർപ്പിച്ചിരുന്നു.

ഇതിന് തൊട്ടടുത്ത് ഉണ്ടായിരുന്ന കുചേല ശില്പവും ജീർണാവസ്ഥയിലായതിനെ തുടർന്ന്, ദേവസ്വം ബോർഡിന്റെ അനുമതിയോടെ വേണു കുന്നപ്പിള്ളി തന്നെയാണ് പുതിയ കുചേല ശില്പവും നിർമ്മിച്ച് സമർപ്പിച്ചത്.

ശില്പി ഉണ്ണി കാനായിയാണ് പയ്യന്നൂർ കാനായിയിലെ പണിപ്പുരയിൽ രണ്ട് മാസമെടുത്ത് കുചേല ശില്പം നിർമ്മിച്ചത്. ആറ് അടിയാണ് ഉയരം. ഉയർന്ന നിലവാരമുള്ള സ്റ്റെയിൻലസ് സ്റ്റീലും ഫൈബർമാറ്റും റസീനും ഉപയോഗിച്ച് കരിങ്കൽ നിറത്തിലാണ് ശില്പം നിർമ്മിച്ചത്. ഓലക്കുട ചുമലിലും ഇടത് കൈയിൽ വടിയും പിടിച്ച് വലതു കൈ ഇടനെഞ്ചിൽ വച്ച് തോളിൽ തുണിസഞ്ചിയും അരയിൽ അവിൽ പൊതിയുമായി ഗുരുവായൂർ ക്ഷേത്ര നടയിലേക്ക് ഭക്തിയോടെ നോക്കുന്ന രീതിയിലാണ് ശില്പത്തിന്റെ രൂപകൽപ്പന.

ശില്പ നിർമ്മാണത്തിന് ഉണ്ണി പാവറട്ടിയുടെ നിർദ്ദേശങ്ങൾ ഏറെ സഹായകരമായതായി ഉണ്ണി കാനായി പറഞ്ഞു. സുരേഷ് അമ്മാനപ്പാറ, വിനേഷ് കോയിക്കീൽ,ഇ.പി.ഷൈജിത്ത്,ബാലൻ പാച്ചേനി,രതീഷ് വിറകൻ,അർജുൻ കാനായി എന്നിവർ നിർമ്മാണ സഹായികളായി.