കീഴേടത്ത് ഇബ്രാഹിം ഹാജി തിരൂർ നഗരസഭ ചെയർമാനാവും
തിരൂർ: നഗരസഭയിൽ അത്ഭുതകരമായ വിജയം കരസ്ഥമാക്കിയ യു.ഡി എഫ് നേതൃത്വം ഐകകണ്ഠ്യേന നിയുക്ത ചെയർമാനായി കീഴടത്തിൽ ഇബ്രാഹിം ഹാജിയെ തിരഞ്ഞെടുത്തു. 31 സീറ്റുമായി വിജയക്കൊടി പാറിച്ച തിരഞ്ഞെടുപ്പിൽ നേരത്തെ തന്നെ ചെയർമാൻ സ്ഥാനാർത്ഥിയായാണ് 17-ാം വാർഡിൽ ഇബ്രാഹിം ഹാജിയെ കളത്തിലിറക്കിയത്. കഴിഞ്ഞ ഭരണ സമിതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അത്യാധുനിക രീതിയിലുള്ള സ്റ്റേഡിയത്തിന്റെ പണി പെട്ടെന്ന് പൂർത്തീകരിക്കുമെന്നും തിരൂർ ബസ് സ്റ്റാൻഡ് നവീകരണം, ഗതാഗതം തുടങ്ങി ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടുപോകുമെന്നും തിരൂരിൽ മുസ്ലിം ലീഗ് നേതാക്കൾ നടത്തിയ നിയുക്ത ചെയർമാനെ പ്രഖ്യാപിക്കുന്ന ചടങ്ങിൽ പറഞ്ഞു. നിയുക്ത ചെയർമാൻ കീഴേടത്ത് ഇബ്രാഹിം ഹാജി, മുസ്ലിം ലീഗ് തിരൂർ മുനിപ്പൽ ജനറൽ സെക്രട്ടറി പി. വി. സമദ്, മുസ്ലിം ലീഗ് നേതാക്കളായ എ.കെ. സെയ്താലിക്കുട്ടി,കെ.പി ഹുസൈൻ,
അഡ്വ. നസീർ അഹമ്മദ്, ബാവ ചെമ്പ്ര, വി.പി സെയ്തലവി ഹാജി, കെ നൗഷാദ് എന്ന കുഞ്ഞിപ്പ, സി. ജൗഹർ, യൂസഫ് പൂഴിത്തറ, എം.പി.മൊയ്തുഷ ,എൻ.കെ. റഫീഖ്, ടി.ഇ. ഫിറോസ്, കെ. ഷാഫി ഹാജി, കെ.മുസ്തഫ, അസ്ക്കർ പൂക്കയിൽ എന്നിവരും പങ്കെടുത്തു സംസാരിച്ചു.
തിരൂരിന്റെ മുഖമമായ മാറ്റും: ഇബ്രാഹിം ഹാജി.
തിരൂരിന്റെ മുഖച്ഛായ മാറ്റുന്ന വികസന പദ്ധതികളുമായി മുന്നോട്ടുപോവുമെന്ന് നിയുക്ത ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി പറഞ്ഞു.
തിരൂരിനെ ഗ്രീൻസിറ്റിയാക്കും. വഴിയോരക്കച്ചവടത്തിന്റെ വിഷയത്തിൽ ചേംബർ ഒഫ് കൊമേഴ്സുമായി സംസാരിച്ച് നടപടിയെടുക്കും. നടപ്പാതയിൽ ടൈൽ വിരിച്ച് സൗന്ദര്യവത്കരണം നടത്തും. സ്ട്രീറ്റ് ലൈറ്റുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. തിരൂർ ടൗണിൽ 250 ഓളം സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കും.നഗരത്തിലെ വാഹന കുരുക്കിന് പരിഹാരം കാണുന്നതിനൊപ്പം നഗരം മുഴുവൻ തിരൂർ ഡി.വെ. എസ്.പി യുടെ കൺട്രോൾ റൂം നിയന്ത്രിക്കുന്ന രീതിയിലാക്കും.
അമ്പലകങ്ങര ജംഗ്ഷനിൽ നിന്നും പൂങ്ങോട്ടുകുളം ജംഗ്ഷൻ വരെ വീതി കൂട്ടാനുള്ള പ്രവർത്തനം നടത്തും. തിരൂർ ബസ് സ്റ്റാൻഡ് നവീകരിച്ച് ഒരു ഭാഗത്ത് കൂടി ബസ് കയറി മറ്റൊരു ഭാഗത്ത് കൂടി ഇറങ്ങുവാനുള്ള സംവിധാനമൊരുക്കും. തിരൂർ ടൗൺഹാൾ നവീകരിച്ച് ഒപ്പം ഷോപ്പിങ്ങ് മാൾ കൂടി നിർമ്മിക്കും. റെയിൽവേയുടെ ഭീഷണി നേരിടുന്ന തിരൂരിലെ മാർക്കറ്റിനെ സംരക്ഷിക്കാൻ നടപടിയെടുക്കും.