തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം: ജില്ലയിൽ 1,79,605 പേർ പുറത്ത്
- ജില്ലയിൽ 99.99% ഡിജിറ്റലൈസേഷൻ പൂർത്തിയായി
- കരട് പട്ടിക ഈമാസം 23ന്
- 13 മണ്ഡലങ്ങളിൽ ഡിജിറ്റലൈസേഷൻ നൂറ് ശതമാനവും പൂർത്തിയായി
മലപ്പുറം: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുതുക്കിയ വോട്ടർ പട്ടികയിൽ ജില്ലയിൽ നിന്ന് 1,79,605 പേർ പുറത്തായി. 58,304 (1.71%) പേരെ മരണപ്പെട്ടതിനെ തുടർന്ന് ഒഴിവാക്കിയിട്ടുണ്ട്. 29,725 (0.87%) ആളുകളെ ബി.എൽ.ഒമാർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 64,622 (1.89%) പേർ താമസം മാറിയതായി കണ്ടെത്തിയിട്ടുണ്ട്. 7,222 (0.21%) പേർ എന്യൂമറേഷൻ ഫോം തിരികെ നൽകാനുണ്ട്. 19,732 (0.58%) ആളുകൾ ഇതിനകം പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ഇങ്ങനെ 1,79,605 (5.26%) പേരാണ് പുതുക്കിയ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത്. 34,13,174 പേരാണ് പുതുക്കിയ വോട്ടർ പട്ടികയിലുള്ളത്.
ജില്ലയിൽ 99.99 ശതമാനം എന്യൂമറേഷൻ ഫോമുകളുടെ ഡിജിറ്റലൈസേഷൻ പൂർത്തിയായതായി ജില്ലാ കളക്ടർ വി.ആർ.വിനോദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13 നിയമസഭ മണ്ഡലങ്ങളിലും ഡിജിറ്റലൈസേഷൻ നൂറ് ശതമാനവും പൂർത്തിയായിട്ടുണ്ട്. കൊണ്ടോട്ടി, തിരൂർ, വള്ളിക്കുന്ന് മണ്ഡലങ്ങളിലാണ് ഡിജിറ്റലൈസേഷൻ പൂർത്തിയാവാനുള്ളത്. ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമം കൊണ്ടാണ് ഇത്രയും വേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞതെന്നും ജില്ലാ കളക്ടർ പറഞ്ഞു. സംസ്ഥാനത്ത് എന്യുമറേഷൻ ഫോമുകൾ നൂറ് ശതമാനവും ഡിജിറ്റലൈസ് ചെയ്തത് കാസർകോട്, വയനാട്, കൊല്ലം, പാലക്കാട് എന്നിവിടങ്ങളിലാണ്. എന്യുമറേഷൻ ഫോം ഡിജിറ്റലൈസേഷനിൽ ജില്ല അഞ്ചാമതാണ്.
കരട് പട്ടിക 23ന് എസ്.ഐ.ആർ വോട്ടർ പട്ടികയുടെ കരട് ഡിസംബർ 23ന് പ്രസിദ്ധീകരിക്കും. അന്ന് മുതൽ 2026 ജനുവരി 22 വരെ കരട് പട്ടികയിൽ ആക്ഷേപമുള്ളവർക്ക് അറിയിക്കാനുള്ള അവസരമുണ്ട്. ഡിസംബർ 23 മുതൽ ഫെബ്രുവരി 14 വരെ വരണാധികാരികൾ ആക്ഷേപങ്ങളിലുള്ള ഹിയറിംഗ് നടത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. എസ്.ഐ.ആർ പരിഷ്‌കരണത്തിന് ശേഷം 784 ബൂത്തുകൾ കൂടി പുതുതായി ഉൾപ്പെടുത്തി 3,682 പോളിംഗ് ബൂത്തുകളാണ് ജില്ലയിൽ ആവശ്യമായി വരുന്നത്. ഇവിടങ്ങളിലേയ്ക്ക് ആവശ്യമായ ബി.എൽ.ഒമാരെ നിയമിച്ചിട്ടുണ്ട്. 78 പോളിംഗ് ബൂത്തുകളുടെ ലൊക്കേഷനിൽ മാറ്റമുണ്ടാകും. അതുപോലെ 1,959 ബൂത്തുകളിൽ വോട്ടർമാരുടെ പുനഃക്രമീകരണം ആവശ്യമുണ്ട്.