പ്രതീക്ഷയിൽ ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് പുനരുദ്ധാരണം
കരുവാരകുണ്ട്: തിരിഞ്ഞു നോക്കാനാളില്ലാതെ നശിക്കുന്ന കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജ് പുനരുദ്ധാരണം നടക്കുമെന്ന് പ്രത്യാശ. പഞ്ചായത്തിൽ പുതുതായി നിലവിൽ വരുന്ന ഭരണസമിതി മുന്തിയ പരിഗണന നൽകി പുനരുദ്ധാരണം നടത്തുമെന്ന് നിയുക്ത പ്രസിഡന്റ് ഉറപ്പു നൽകി.
രണ്ടു കോടിയോളം രൂപ ചെലവഴിച്ച് 2015ൽ നിർമ്മിച്ച പദ്ധതി ഇപ്പോൾ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലാണ്. 2018ലെ പ്രളയത്തിൽ കല്ലും മണ്ണും വന്നടിഞ്ഞ് പുഴയിലെ ചിറ പാടെ നികന്നു പോയിട്ടുണ്ട്. ഇതുകാരണം ചിറയിൽ വെള്ളം സംഭരിക്കാൻ കഴിയുന്നില്ല. ഇതോടെ ബോട്ടു സർവ്വീസ് മുടങ്ങിപ്പോയി.
പുഴയിലെ മണ്ണും കല്ലും നീക്കുന്നതോടെ വെള്ളം സംഭരിക്കാനാവും. പ്രദേശത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കാനും സാധിക്കും.
ഇപ്പോൾ കുറവ്
കരുവാരക്കുണ്ട് അങ്ങാടിയോട് ചേർന്ന് ഒഴുകുന്ന ഒലിപ്പുഴയുടെ ഇരുവശങ്ങളിലായാണ് ടൂറിസം വില്ലേജ് സ്ഥാപിച്ചിട്ടുള്ളത്.
തുടക്കത്തിൽ ധാരാളം പേരെത്തിയിരുന്ന ഇവിടെ
ഇപ്പോൾ സഞ്ചാരികളുടെ എണ്ണം തീരെ കുറവാണ്.
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലാണ് പദ്ധതി നടപ്പാക്കിയത്.
പുതിയ ഭരണസമിതി അധികാരത്തിലെത്തിയതോടെ പ്രതീക്ഷയിലാണ് നാട്ടുകാർ. ടൂറിസം വില്ലേജ് പ്രവർത്തന സജ്ജമായാൽ ചിറക്കൽ പ്രദേശത്ത് വ്യാപാര സ്ഥാപനങ്ങൾക്കും ഓട്ടോ ടാക്സികൾക്കും വരുമാനം മെച്ചപ്പെടും.