പഞ്ചായത്ത് അംഗത്വം നഷ്ടമായതോടെ അഞ്ച് ജില്ലകളിലെ കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗങ്ങൾക്ക് സ്ഥാന നഷ്ടം

Wednesday 17 December 2025 4:29 AM IST

മലപ്പുറം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളായി വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ നിന്ന് കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങളുടെ സെനറ്റ് അംഗത്വം നഷ്ടമായി. പഞ്ചായത്ത് അംഗത്വം അവസാനിച്ചതിനെ തുടർന്നാണ് ഇവരുടെ സെനറ്റ് സ്ഥാനവും ഇല്ലാതായിരിക്കുന്നത്. കെ.കെ. അബ്ദുൽ ഗഫൂർ​(വയനാട്), എൻ. ഷിയോ ലാൽ (കോഴിക്കോട്), വി.കെ.എം.ഷാഫി (മലപ്പുറം), സി.ചന്ദ്രബാബു (പാലക്കാട്), അഡ്വ. അൽജോ പി.ആന്റണി (തൃശ്ശൂർ) എന്നിവരാണ് സെനറ്റ് അംഗത്വം നഷ്ടപ്പെടുന്നവർ. ഇവരിൽ മൂന്ന് പേർ സി.പി.എം അംഗങ്ങളും രണ്ട് പേർ മുസ്ലിം ലീഗ് അംഗങ്ങളുമാണ്. എന്നാൽ, നിലവിലെ സർവകലാശാല നിയമ വ്യവസ്ഥകൾ പ്രകാരം, കാലാവധി കഴിഞ്ഞാലും ബന്ധപ്പെട്ട അംഗങ്ങൾക്ക് മൂന്ന് മാസത്തേക്ക് കൂടി സെനറ്റ് അംഗമായി തുടരാൻ അനുവാദമുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.

ഇതോടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധ്യവുമായി ബന്ധപ്പെട്ട് സെനറ്റിലെ ഘടനയിൽ മാറ്റം വരാനാണ് സാദ്ധ്യത. പുതിയ അംഗങ്ങളെ സംബന്ധിച്ച നടപടികൾ ബന്ധപ്പെട്ട അധികാരികൾ പിന്നീട് തീരുമാനിക്കും.