കാടുകയറാതെ കടുവ; ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചു, ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം

Wednesday 17 December 2025 7:08 AM IST

വയനാട്: ജനവാസ മേഖലയിലിറങ്ങിയ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു. വയനാട് കണിയാമ്പറ്റ പനമരം മേഖയിലാണ് കടുവ ഇറങ്ങിയത്. തെർമൽ ഡ്രോൺ ഉപയോഗിച്ച് കടുവയെ കണ്ടെത്തിയ ശേഷം കാടുകയറ്റാൻ ഉള്ള നീക്കം തുടങ്ങും. പ്രദേശത്ത് ക്യാമറ ട്രാപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയെ കണ്ടെത്താനാണ് ഇപ്പോൾ ശ്രമം നടത്തുന്നത്.

അഞ്ച് വയസുള്ള ആൺ കടുവയാണ് മേഖലയിലുള്ളത്. കൂട് സ്ഥാപിക്കാനും മയക്കുവെടി വയ്ക്കാനുമുള്ള ഉത്തരവ് ലഭിച്ചിട്ടുള്ളതിനാൽ ആ മാർഗവും തേടുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. ഇന്നലെ രാത്രി ചീക്കല്ലൂരിലെ വയലിൽ നിന്ന് കടുവയെ കാട്ടിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും ജനവാസ മേഖലയിലേക്കാണ് കടുവ ഓടിയത്. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ രാവിലെ 11 മണിയോടെ തൊഴിലുറപ്പ് തൊഴിലാളികൾ കടുവയെ ചീക്കല്ലൂരിൽ വച്ച് കണ്ടിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് തെർമൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ കടുവയെ പുളിക്കൽ ഭാഗത്ത് കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിനുള്ളിലെ അഞ്ച് വയസുള്ള 112-ാം നമ്പർ ആൺ കടുവയാണിതെന്ന് വനംവകുപ്പ്‌ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. പ്രദേശം വളഞ്ഞതിന് പിന്നാലെ വൈകിട്ട് ആറരയോടെ ദൗത്യസംഘം കടുവയെ കാടുകയറ്റാനായി നടപടികൾ തുടങ്ങിയിരുന്നു. രാത്രി വെെകിയും ശ്രമം തുടർന്നെങ്കിലും ഫലം കണ്ടില്ല.

കടുവയുടെ സാന്നിദ്ധ്യത്തെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പനമരം ഗ്രാമപഞ്ചായത്തിലെ 6, 7, 8, 9, 14, 15 വാര്‍ഡുകളിലും, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5 , 6, 7, 18, 19, 20, 21 വാര്‍ഡുകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അംഗണവാടികള്‍ക്കും മദ്രസകള്‍ക്കും ഉള്‍പ്പെടെ അവധി ബാധകമായിരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അവധി പ്രഖ്യാപിച്ച വാര്‍ഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വയ്ക്കാനും കളക്ടര്‍ നിര്‍ദേശിച്ചു.