സയനൈഡിനേക്കാൾ 1,000 മടങ്ങ് മാരകം, ഈ ജീവിയുടെ കടിയേറ്റാൽ അഞ്ച് മിനിട്ടിനുള്ളിൽ മരണം; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും
മനില: ബീച്ചിൽ പോയിരുന്ന് വെള്ളത്തിൽ കളിച്ച് സമയം ചെലവഴിക്കാൻ ആഗ്രഹമുള്ള നിരവധി പേരുണ്ട്. അത്തരത്തിൽ വിനോദസഞ്ചാരിയായ ഒരു ബ്രിട്ടീഷുകാരന് ബീച്ചിൽ നിന്ന് കൗതുകകരമായ ഒരു സാധനം കിട്ടി. അദ്ദേഹം അത് ക്യാമറയിൽ പകർത്തുകയും ചെയ്തു. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും 'ഭീകരനായ' ഒരു ജീവിയായിരുന്നു അതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് ശേഷം മാത്രമാണ്.
ആൻഡി മക്കോണൽ എന്നാണ് ആ യുവാവിന്റെ പേര്. അദ്ദേഹം അടുത്തിടെ ഫിലിപ്പൈൻസിൽ അവധിക്കാലം ആഘോഷിക്കാൻ പോയിരുന്നു. സെബു ദ്വീപിലെ സാന്താ ഫെയിലിൽവച്ച് ഒക്‌ടോപസിനെ കൈയിലെടുത്തു. മറഞ്ഞിരിക്കുന്ന അപകടത്തെക്കുറിച്ച് അദ്ദേഹത്തിനറിയില്ലായിരുന്നു. ആ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
വീഡിയോയ്ക്ക് താഴെ ആളുകൾ കമന്റുമായെത്തിയതോടെയാണ് സമുദ്രത്തിലെ ഏറ്റവും വിഷമുള്ള ജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ബ്ലൂ റിങ്ഡ് ഒക്‌ടോപസാണിതെന്ന് അദ്ദേഹത്തിന് മനസിലായത്. നീരാളി വർഗത്തിലെ ഏറ്റവും അപകടകാരിയായ ജീവിയാണ് ഒക്‌ടോപസ്. നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അനുസരിച്ച് ഈ വിഷം സയനൈഡിനേക്കാൾ 1,000 മടങ്ങ് മാരകമാണ്.
'നിങ്ങൾ ഇപ്പോൾ കൈവശം വച്ചിരുന്ന ഈ ജീവി എത്ര അപകടകാരിയാണെന്ന് നിങ്ങൾക്ക് പൂർണ്ണമായി മനസിലായിട്ടില്ല. നിങ്ങളെ കടിച്ചാൽ, അഞ്ച് മിനിട്ടിനുള്ളിൽ മരിച്ചുപോകുമായിരുന്നു. അത്രത്തോളം വിഷമുള്ളതാണ് അത്.'- എന്നാണ് ഒരാൾ കമന്റ് ചെയ്‌തിരിക്കുന്നത്.