ദിലീപിനെ ന്യായീകരിക്കുന്ന മാർട്ടിൻ ആന്റണിയുടെ വീഡിയോ; പ്രചരിപ്പിച്ചവർക്കെതിരെ കേസ്, അറസ്റ്റിനും സാദ്ധ്യത
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയായ മാർട്ടിൻ ആന്റണിയുടെ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്. അതിജീവിതയുടെ പേരടക്കം വെളിപ്പെടുത്തുന്ന വീഡിയോയാണ് പ്രചരിക്കുന്നത്. ഈ വീഡിയോ പ്രചരിപ്പിക്കുന്നവർക്കെതിരെ കേസെടുത്ത് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനാണ് പൊലീസിന്റെ നീക്കം.
ഇന്ന് ഉച്ചയോടെ കേസ് രജിസ്റ്റർ ചെയ്‌തേക്കുമെന്നാണ് വിവരം. അതിജീവിതയുടെ പരാതിയിലാണ് നടപടി. മാർട്ടിൻ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടിട്ടുണ്ട്. താൻ നേരിടുന്ന സൈബർ ആക്രമണത്തെക്കുറിച്ചും അതിജീവിതയുടെ പരാതിയിൽ പറയുന്നുണ്ട്.
വിചാരണ സമയത്ത് സുപ്രീം കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച മാർട്ടിൻ പുറത്തിറങ്ങിയപ്പോഴെടുത്ത വീഡിയോയാണ് കേസിലെ വിധിക്ക് ശേഷം പ്രചരിക്കുന്നത്. കോടതി തള്ളിയ വാദങ്ങളാണ് വീഡിയോയിലുള്ളത്. ദിലീപ് നിരപരാധിയാണെന്ന് പറയുന്ന മാർട്ടിൻ മറ്റ് പ്രമുഖ നടീനടന്മാരുടെയും പേരുകൾ വീഡിയോയിൽ പരാമർശിക്കുന്നുണ്ട്. കേസിന്റെ വിചാരണ സമയത്ത് ചിത്രീകരിച്ച ദൃശ്യങ്ങളാണ് വീണ്ടും പ്രചരിക്കുന്നത്. ഗൂഢാലോചനാ വാദമാണ് മാർട്ടിൻ വീഡിയോയിൽ മുന്നോട്ടുവയ്‌ക്കുന്നത്. മാർട്ടിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി 20 വർഷത്തെ കഠിനതടവിന് വിധിച്ചിരുന്നു.
ഇന്നലെ ക്ലിഫ് ഹൗസിലെത്തി അതിജീവിത മുഖ്യമന്ത്രിയെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്‌ചയിൽ സമൂഹമാദ്ധ്യമങ്ങളിൽ നേരിടുന്ന ആക്ഷേപത്തെക്കുറിച്ചും അതിജീവിത സംസാരിച്ചു.