ശബരിമല സ്വർണക്കൊള്ള; മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാർ അറസ്റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒരു ഉദ്യോഗസ്ഥൻ കൂടി അറസ്റ്റിൽ. മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിനെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അറസ്റ്റ് ചെയ്തത്. 2019ൽ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ പക്കൽ കൊടുത്തുവിട്ടതുമായി ബന്ധപ്പെട്ട മഹസറിൽ ഒപ്പുവച്ച ഉദ്യോഗസ്ഥരിൽ ഒരാളാണ് ശ്രീകുമാർ. ഹെെക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. എന്നാൽ ഉദ്യോഗസ്ഥനെന്ന നിലയിൽ മേൽത്തട്ടിൽ നിന്നുള്ള നിർദേശം അനുസരിച്ച് ഫയൽ നീക്കുകമാത്രമാണ് ചെയ്തതെന്നായിരുന്നു ശ്രീകുമാറിന്റെ വാദം.
അതേസമയം, ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എംഎൽഎയുമായിരുന്ന എ പത്മകുമാറിന്റെ ജുഡീഷ്യൽ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൊല്ലം വിജിലൻസ് കോടതി നീട്ടി. കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ വ്യാഴാഴ്ചയാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യഹർജി 22ന് പരിഗണിക്കും. ഈ കേസിൽ എസ്ഐടിയുടെ റിപ്പോർട്ട് തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ്ഐടി കസ്റ്റഡിയിൽ വിട്ട ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരെ ഇന്നലെ വൈകിട്ട് തിരികെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് ജയിലിലേക്ക് അയച്ചു. ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ മുരാരി ബാബുവിനെയും കട്ടിളയിലെ സ്വർണപ്പാളി അപഹരിച്ച കേസിൽ ഉണ്ണിക്കൃഷ്ണൻ പോറ്റിയെയും രണ്ട് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിരുന്നത്. പുതുതായി ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്യണമെന്ന എസ്ഐടിയുടെ ആവശ്യം പരിഗണിച്ചാണിത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി.