'അവരെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് അഭിനയിക്കേണ്ടിവരും, അത് വല്ലാത്തൊരു ടോർച്ചറാണ്'; വെളിപ്പെടുത്തി ഉമാ നായർ
മലയാളികൾക്ക് മിനിസ്ക്രീനിലൂടെ സുപരിചിതയായ നടിയാണ് ഉമാ നായർ. സീരിയലുകളിൽ അമ്മ വേഷങ്ങളും ചേച്ചി വേഷങ്ങളുമാണ് താരം കൂടുതലും ചെയ്യുന്നത്. 32 വർഷമായി അഭിനയരംഗത്ത് തുടരുന്ന ഉമ സോഷ്യൽ മീഡിയയിലും സജീവമാണ്. പല വിഷയങ്ങളിലും തന്റേതായ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന നടിയാണ് അവർ. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടായ വിവാദങ്ങളെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്.
'ഞാൻ 32 വർഷമായി അഭിനയരംഗത്തുണ്ട്. സീരിയൽ കാണുന്നവർക്കും അത് ആസ്വദിക്കുന്നവർക്കും മാത്രമേ എന്നെ അറിയാവൂ. എനിക്കെതിരെയുണ്ടായ വിവാദം എന്നെ വ്യക്തിപരമായി തകർത്തിട്ടുണ്ട്. പക്ഷെ ലോകം എന്നെ അറിഞ്ഞത് വിവാദങ്ങളിലൂടെയാണ്. ഞാൻ വൈകിയാണ് അക്കാര്യം മനസിലാക്കിയത്. എന്റെ ജീവിതത്തിൽ സൗഹൃദത്തിന് വലിയ വിലയുണ്ട്. ഞാൻ തൊഴിൽ ചെയ്യുന്ന മേഖലയിലുള്ളവർ എന്റെ വെറും സുഹൃത്തുക്കൾ മാത്രമാണ്. ഈ മേഖലയിൽ നിൽക്കുന്നവർക്കെല്ലാവർക്കും അവരുടേതായ വെല്ലുവിളികളുണ്ട്. നമ്മളെ നമ്മളായി ഉൾക്കൊള്ളാൻ അവർക്ക് ഒരിക്കലും സാധിക്കില്ല. സ്വന്തം ജീവിതത്തിൽ ഒരുപാട് സുഹൃത്തുക്കളുണ്ട്.
പല സ്ഥലങ്ങളിൽ നിന്നും എന്നെ മാറ്റിനിർത്തിയിട്ടുണ്ട്. അത് എന്നെ തകർത്തിട്ടുണ്ട്. എല്ലാവരോടും എല്ലാ കാര്യങ്ങളും തുറന്നുപറയുന്നയാളാണ് ഞാൻ. അത് എല്ലാവർക്കും ഇഷ്ടപ്പെടണമെന്നില്ല. ചിലർ ചേർന്നുനിൽക്കും. ഒരു ഘട്ടത്തിൽ അവർ നമ്മളെ തള്ളിപ്പറയുന്നതുപോലും എനിക്ക് സഹിക്കാൻ കഴിയില്ല. അങ്ങനെ മാനസികമായി തകർത്തവരോടൊപ്പം ജോലി ചെയ്യുന്നത് ഭീകരമാണ്. എന്നെ മാനസികമായി തകർത്തയാളോട് അഭിനയിക്കേണ്ടി വരും. എത്രവലിയ ആളായാലും അവരെ കെട്ടിപ്പിടിച്ച് ഉമ്മകൊടുത്ത് അഭിനയിക്കേണ്ടി വരും. അതൊരു വല്ലാത്ത ടോർച്ചറാണ്. അഭിനയം നമ്മുടെ തൊഴിലാണ്'- ഉമാ നായർ പറഞ്ഞു.