'ഒരമ്മയില്ലേ, ഭാര്യയില്ലേ, രണ്ട് പെൺമക്കളല്ലേയുള്ളത്'; ദിലീപ് വിഷയത്തിൽ സമൂഹത്തിന് തെറ്റുപറ്റിയെന്ന് രാഹുൽ ഈശ്വർ

Wednesday 17 December 2025 2:56 PM IST

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരായുള്ള തെളിവുകൾ പൊലീസ് കൃത്രിമമായി നിർമിച്ചതാണെന്ന് രാഹുൽ ഈശ്വർ. കേസുമായി ബന്ധപ്പെട്ട് താൻ നേരത്തെ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞുവെന്നും രാഹുൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'എന്തൊരു അനീതിയാണ്, 16 ദിവസമാണ് ഞാൻ ജയിലിൽ കഴിഞ്ഞത്. ദിലീപിന്റെ വിഷയത്തിൽ ഞാൻ ആദ്യമേ പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് തെളിഞ്ഞു. സമൂഹത്തിന് തെറ്റിപ്പോയി. പുള്ളിക്കും ഒരമ്മയില്ലേ, ഭാര്യയില്ലേ, രണ്ട് പെൺമക്കളല്ലേയുള്ളത്. എത്രകാലം അദ്ദേഹത്തെ വേട്ടയാടി. പുള്ളി എന്തോ വലിയ തെറ്റ് ചെയ്തുവെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ചില മാദ്ധ്യമങ്ങൾ ചിത്രീകരിക്കുന്നു. കോടതി എടുത്തുപറഞ്ഞ കാര്യങ്ങൾ കണ്ടതല്ലേ?

പൊലീസും പ്രോസിക്യൂഷനും മാദ്ധ്യമങ്ങൾക്ക് ഒരു ഫോട്ടോ ചോർത്തിതന്നത് ഓർമ്മയുണ്ടോ? ദൈവത്തിന്റെ കയ്യൊപ്പുള്ള ഫോട്ടോ എന്നുപറഞ്ഞ് പൾസർ സുനിയും ദിലീപും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്. ആ ഫോട്ടോ എവിടെ? ആ ഫോട്ടോ ഫോട്ടോഷോപ്പ് ചെയ്തതായിരുന്നു. പൊലീസുകാർ ഫോട്ടോഷോപ്പ് ചെയ്തുതുടങ്ങിയാൽ രാജ്യം എവിടെ നിൽക്കും.

ജയിലിൽ കിടക്കുന്നതും പട്ടിണി കിടക്കുന്നതും എനിക്ക് പുത്തരിയല്ല. സത്യം വളരെ സിമ്പിളാണ്. കള്ളമാണ് സങ്കീർണം. ഭരണകൂടം ധാരാളം അസത്യങ്ങൾ പറയുന്നുണ്ട്. സത്യം പറയുന്നതിന് മടിക്കരുത്. അങ്ങനെ മടിച്ചാൽ രാജ്യം നിലനിൽക്കില്ല'- രാഹുൽ ഈശ്വ‌ർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ദിലീപും പൾസർ സുനിയും തമ്മിൽ ഗൂഢാലോചന നടന്നതിന് തെളിവായി സിനിമാ സെറ്റിലെ സെൽഫിയായിരുന്നു അന്വേഷണ സംഘം സമർപ്പിച്ചത്. സെറ്റിലുണ്ടായിരുന്ന ഒരു ജീവനക്കാരൻ ആദ്യം ദിലീപിന്റെ കൂടെയും രണ്ടാമത് മൂന്ന് മിനിട്ട് വ്യത്യാസത്തിൽ പൾസർ സുനിയുടെയും കൂടെ സെൽഫിയെടുത്തിരുന്നു. ഈ ഫോട്ടോ കോടതിയിൽ ഹാജരാക്കിയെങ്കിലും ഗൂഢാലോചന തെളിയിക്കാനാകില്ലെന്ന് പറഞ്ഞ് കോടതി തള്ളിയിരുന്നു.