മേജർ രവിക്ക് തിരിച്ചടി; 30 ലക്ഷം രൂപ നഷ്‌ടപരിഹാരം നൽകണം, 'കർമയോദ്ധ'യുടെ തിരക്കഥ മോഷ്‌ടിച്ചതെന്ന് കോടതി

Wednesday 17 December 2025 3:15 PM IST

കോട്ടയം: മോഹൻലാൽ നായകനായ 'കർമ്മയോദ്ധ' എന്ന ചിത്രത്തിന്റെ തിരക്കഥയുടെ പേരിലുള്ള നിയമതർക്കത്തിൽ സംവിധായകൻ മേജർ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഷ്യൽ കോടതി വിധിച്ചത്. പരാതിക്കാരന് 30 ലക്ഷം രൂപയും സിനിമയുടെ പകർപ്പവകാശവും നൽകണമെന്നും കോടതി ഉത്തരവിട്ടു. 13 വർഷം നീണ്ട നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. 2012ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.

തന്റെ കഥയും തിരക്കഥയും സംഭാഷണവും അനുമതിയില്ലാതെ ഉപയോഗിച്ച് സിനിമ നിർമിച്ചതാണെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് ജഡ്‌‌ജി മനീഷ് ഡിഎ വിധി പറഞ്ഞിരിക്കുന്നത്. സിനിമയുടെ റിലീസിന് ഒരു മാസം മുമ്പാണ് റിലീസ് തടയണമെന്നാവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചത്. എന്നാൽ, അഞ്ച് ലക്ഷം രൂപ കെട്ടിവച്ച ശേഷം സിനിമ റിലീസ് ചെയ്യാൻ കോടതി അനുവദിക്കുകയായിരുന്നു.

കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തർക്കമുണ്ട് എന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാനായിരുന്നു കോടതി അനുവദിച്ചത്. എന്നാൽ, തിരക്കഥാകൃത്തുക്കളുടെ സ്ഥാനത്ത് ഷാജി, സുമേഷ് എന്നിവരുടെ പേര് ചേർത്തായിരുന്നു സിനിമ റിലീസ് ചെയ്‌തത്. ഇത് ചൂണ്ടിക്കാട്ടി കോടതി ഉത്തരവ് ലംഘിച്ചുവെന്ന് കാണിച്ച് 40 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് റെജി മാത്യു കോടതിയെ സമീപിച്ചത്. തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു.

കേസിൽ മേജർ രവി ഒന്നാം പ്രതിയായിരുന്നു. നിർമാതാവ് ഹനീഫ് മുഹമ്മദ്, ഷാജി എസ്‌വി, സുമേഷ്, റോബിൻ എന്നിവരും പ്രതികളായിരുന്നു. കഥ തന്റേതാണെന്ന് മേജർ രവി വാദിച്ചു. സിനിമ രചയിതാക്കളായ മറ്റ് പലരോടും ചർച്ച ചെയ്‌ത കൂട്ടത്തിൽ റെജി മാത്യുവിനോടും കഥ പറഞ്ഞുവെന്നായിരുന്നു മേജർ രവിയുടെ വാദം.