അങ്കമാലി ചെയർപേഴ്സൺ: നിലപാട് കടുപ്പിച്ച് സ്വതന്ത്രർ

Thursday 18 December 2025 12:57 AM IST

അങ്കമാലി: അങ്കമാലി നഗരസഭാ ചെയർപേഴ്സൺ വിഷയത്തിൽ ഒറ്റക്കെട്ടായി നിലപാട് കടുപ്പിച്ച് സ്വതന്ത്രരായി വിജയിച്ച നാല് കൗൺസിലർമാർ. സ്വതന്ത്രരായ ലക്സി ജോയി, ബിനി കൃഷ്ണൻകുട്ടി എന്നിവർക്ക് ചെയർപേഴ്സൺ പദവിയും വിത്സൻ മുണ്ടാടനും വർഗീസ് വെമ്പിളിയത്തിനും വൈസ് ചെയർപേഴ്സൺ പദവിയും ലഭിക്കണമെന്ന ആവശ്യമാണ് ഉയർത്തിയിരിക്കുന്നത്. ആദ്യവട്ടം ലക്സി ജോയിക്ക് ചെയർപേഴ്സൺ പദവി ലഭിക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ഇവർ. നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തങ്ങളുടെ ആവശ്യങ്ങൾ യു.ഡി.എഫ് അംഗീകരിക്കുമെന്നാണ് സ്വതന്ത്രന്മാരുടെ പ്രതീക്ഷ. ആവശ്യങ്ങൾ അംഗീകരിക്കുന്ന മുന്നണിക്കായിരിക്കും പിന്തുണയെന്നും സ്വതന്ത്രന്മാർ പറയുന്നു. 31 സീറ്റുകളുള്ള നഗരസഭയിൽ 13 സീറ്റിൽ എൽ.ഡി.എഫും 12 സീറ്റിൽ യു.ഡി.എഫും 2 സീറ്റിൽ ബി.ജെ.പിയുമാണ് വിജയിച്ചത്. എൽ.ഡി.എഫിന് മൂന്നും യു.ഡി.എഫിന് നാലും സ്വതന്ത്രന്മാരുടെ പിന്തുണ ലഭിച്ചാൽ മാത്രമേ അധികാരത്തിലേറാനാകൂ.