മിൽമയിൽ നിന്ന് 2016 പാക്കറ്റ് പാൽ കടത്തി; ജീവനക്കാരടക്കം 9 പേർക്കെതിരെ കേസ്
കൊച്ചി: മിൽമയുടെ തൃപ്പൂണിത്തുറ ഡയറിയിൽ മൂന്ന് ദിവസങ്ങളിലായി കടത്തിയത് 84 ട്രേ പാൽ. മിൽമയുടെ പരാതിയിൽ ഡയറിജീവനക്കാരൻ, ഒരു താത്കാലിക ജീവനക്കാരൻ, സെക്യൂരിറ്റി എന്നിവരടക്കം ഒമ്പത് പേർക്കെതിരെ ഹിൽപാലസ് പൊലീസ് കേസെടുത്തു. നാല് മുതൽ ഒമ്പത് വരെയുള്ള പ്രതികൾ പാൽവണ്ടികളുടെ കരാർ ജീവനക്കാരാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ ആഭ്യന്തര അന്വേഷണവും മിൽമ ആരംഭിച്ചു.
നവംബർ 30, ഡിസംബർ രണ്ട്, മൂന്ന് തിയതികളിലാണ് സംഭവം. പാക്കറ്റുകളുടെ എണ്ണത്തിലെ പൊരുത്തക്കേടാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. സി.സി.ടിവി ക്യാമറ പരിശോധിച്ചതോടെ 84 ട്രേകൾ പുറത്തേയ്ക്ക് കടത്തിയെന്നത് വ്യക്തമായി. തുടർന്ന് ഡയറിയിലെ ഉന്നത ഉദ്യോഗസ്ഥൻ തെളിവുസഹിതം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
എഫ്.ഐ.ആറിൽ പറയുന്നത്
ജില്ലയിലെ ക്ഷീരസംഘങ്ങളിൽ നിന്ന് സംഭരിക്കുന്ന പാൽ തൃപ്പൂണിത്തുറയിലെ ഡയറിയിലെത്തിച്ച് പാസ്റ്ററൈസേഷൻ പൂർത്തിയാക്കിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇവിടുത്തെ ശീതീകരണ യൂണിറ്റിൽ നിന്നെടുക്കുന്ന പാൽ ജീവനക്കാരുടെ മേൽനോട്ടത്തിലാണ് വാഹനങ്ങളിൽ കയറ്റിവിടുന്നത്. ജീവനക്കാരുടെയും കരാറുകാരന്റെയും ഒത്താശയിൽ പാൽ കടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.
പകരം പാക്കറ്റുകൾ നൽകുന്ന രീതിയുണ്ട്
മൂന്ന് ദിവസത്തെ കടത്ത് മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. ആഭ്യന്തര അന്വേഷണത്തിലേ പതിവായി കടത്ത് നടന്നിട്ടുണ്ടോയെന്ന് തിരിച്ചറിയാനാകൂവെന്ന് മിൽമയിലെ ഉന്നതവൃത്തങ്ങൾ പറഞ്ഞു. അതേസമയം, കയറ്റി അയക്കുന്ന പാൽ പാക്കറ്റുകളിൽ ചോർച്ചയോ മറ്റോ ഉണ്ടെങ്കിൽ പകരം പാക്കറ്റുകൾ നൽകുന്ന രീതിയുണ്ട്. ഇങ്ങനെ സംഭവിച്ചതാണോയെന്നും പരിശോധിക്കുന്നുണ്ട്.
നഷ്ടം 82,000 ഒരു ട്രേയിൽ 24 പാൽ പാക്കറ്റുകളുണ്ട്. അതായത് 12 ലിറ്റർ പാൽ. 84 ട്രേകളിലെ പാൽക്കടത്തിൽ 82,000 രൂപയാണ് മിൽമയ്ക്ക് നഷ്ടമായത്.
വിഷയം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ആഭ്യന്തര അന്വേഷണത്തിന് നിർദ്ദേശം നൽകി. ജീവനക്കാർ കുറ്റം ചെയ്തിട്ടുണ്ടോയെന്ന് ഇപ്പോൾ പറയാനാകില്ല. പരിശോധന പൂർത്തിയാകുമ്പോൾ സംഭവിച്ചത് തിരിച്ചറിയാനാകും. വത്സലൻ പിള്ള ചെയർമാൻ മിൽമ എറണാകുളം
1989ൽ തുടക്കം
1989ലാണ് മിൽമ തൃപ്പൂണിത്തുറയിൽ ഡയറി ആരംഭിച്ചത്. അന്ന് 70,000 ലിറ്റർ പാലാണ് വിതരണം ചെയ്തിരുന്നത്. ഇപ്പോൾ 2,70,000 ലിറ്റർ, 13,000 ലിറ്റർ തൈര്, 2,500 കിലോഗ്രാം നെയ്യ്, 300 കിലോഗ്രാം വെണ്ണ എന്നിവ കൈകാര്യം ചെയ്യുന്നു. 550 കോടി രൂപയാണ് വിറ്റുവരവ്. 3.5 ലക്ഷം ലിറ്ററാണ് പ്രതിദിനശേഷി.