കൊല്ലത്തെ കടലാഴങ്ങളിൽ നിയമവിരുദ്ധ മത്സ്യബന്ധനം വ്യാപകമെന്ന് പരാതി

Thursday 10 October 2019 12:53 AM IST
അനധികൃത മത്സ്യബന്ധനത്തിനായി എത്തിച്ച ക്‌നാഞ്ഞിൽ

കൊല്ലം: അനധികൃത മത്സ്യബന്ധന രീതികൾ കൊല്ലത്തെ ആഴക്കടലിൽ വ്യാപകമാകുന്നുവെന്ന പരാതിയുമായി പരമ്പരാഗത മത്സ്യതൊഴിലാളികൾ. തെങ്ങിന്റെ ക്‌നാഞ്ഞിലും പ്ലാസ്റ്റിക് കുപ്പികളും കൂട്ടിക്കെട്ടി കടലിൽ നിക്ഷേപിച്ച് മത്സ്യബന്ധനം നടത്തുന്നതായാണ് പരാതി. വലിയ വാഹനങ്ങളിൽ ടൺ കണക്കിന് ക്‌നാഞ്ഞിലും പ്ലാസ്റ്റിക് കുപ്പികളും തീരത്ത് എത്തിക്കുന്നത് രാത്രിയിലാണ്. ക്നാഞ്ഞിലും പ്ലാസ്റ്റിക് കുപ്പികളും മണലും കൂടി ഉപയോഗിച്ച് പ്രത്യേക രീതിയിൽ കൂട്ടിക്കെട്ടി കടലിൽ നിക്ഷേപിച്ച് മത്സ്യങ്ങളെ ആകർഷിക്കുന്നതാണ് രീതി.

ഇങ്ങനെ നിക്ഷേപിക്കുന്ന സ്ഥലങ്ങളിൽ മത്സ്യങ്ങൾ കൂട്ടത്തോടെ എത്തും. ഇത്തരത്തിൽ മത്സ്യങ്ങളുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ തകിടം മറിക്കുന്നതിലൂടെ തങ്ങളുടെ ഉപജീവന സാദ്ധ്യതകൾ ഇല്ലാതാകുന്നുവെന്നാണ് പരമ്പരാഗത മത്സ്യതൊഴിലാളികളുടെ പ്രധാന ആക്ഷേപം. ഇത്തരം മത്സ്യബന്ധന രീതികൾക്ക് നിരോധനമുണ്ടെങ്കിലും ഇതെല്ലാം കാറ്റിൽപ്പറത്തുവെന്നാണ് ഇവർ പറയുന്നത്. നിയമവിധേയമല്ലാത്ത മത്സ്യബന്ധന രീതികൾ അവലംബിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്.

 നിയമവിധേയമല്ലാത്ത

മത്സ്യബന്ധന മാർഗങ്ങൾ

മത്സ്യസമ്പത്തിനും മത്സ്യങ്ങളുടെ ആവാസ വ്യവസ്ഥയ്‌ക്കും ദോഷകരമായ മത്സ്യബന്ധന മാർഗങ്ങൾക്കെല്ലാം നിരോധനം നിലവിലുണ്ട്. തീവ്രമായ കൃത്രിമ വെളിച്ചത്തിന്റെ (എൽ.ഇ.ഡി) ഉപയോഗം, ഡൈനാമൈറ്റ് പോലുള്ള സ്‌ഫോടക വസ്‌തുക്കൾ, നഞ്ച് ഉൾപ്പെടെയുള്ള വിഷവസ്‌തുക്കൾ, കൃത്രിമ പാര്, തീരത്തോട് ചേർന്നുള്ള കരവലി, പെയർ ട്രോളിംഗ്, നിരോധിത വലകൾ, അനുവദനീയമായതിലും ചെറിയ കണ്ണി വലിപ്പമുള്ള വലകൾ ഉപയോഗിച്ചുള്ള മത്സ്യബന്ധനം തുടങ്ങിയവയ്‌ക്കാണ് കേരള സമുദ്ര മത്സ്യബന്ധന നിയമ പ്രകാരമുള്ള നിരോധനം.

നിരോധനം മറികടക്കുന്ന യാനങ്ങളിൽ നിന്ന് വലിയ തുക പിഴയായി ഈടാക്കുന്നതിനൊപ്പം മറ്റ് നിയമ നടപടികളും സ്വീകരിക്കും.