'പാട്ടിനെ പേടിക്കുന്ന പാർട്ടിയായി മാറിയോ? പരാതി കൊടുക്കുന്നത് പാരഡിയേക്കാൾ കോമഡി';പരിഹസിച്ച് വിഷ്ണുനാഥ് എംഎൽഎ

Wednesday 17 December 2025 4:42 PM IST

തിരുവനന്തപുരം: സിപിഎം പാട്ടിനെ പേടിക്കുന്ന പാർട്ടിയായി മാറിയോയെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎൽഎ. പാട്ടിനെതിരെ പരാതിയുമായി പോകുന്നത് പാരഡിയെക്കാൾ വലിയ കോമഡിയാണെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎമ്മിന്റെ സ്ഥിതി ദയനീയമാണെന്നും വിഷ്ണുനാഥ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

'തിരഞ്ഞെടുപ്പ് കാലത്ത് കോടിക്കണക്കിന് രൂപയാണ് പ്രചാരണത്തിന് ഇറക്കിയത്. ശബരിമല സ്വർണക്കൊള്ള ചർച്ചയായപ്പോഴാണ് പാരഡി പാട്ടുവന്നത്. അത് ആര് എഴുതിയതെന്ന് പോലും അറിയില്ലായിരുന്നു. തിരഞ്ഞെടുപ്പ് തോൽവിയ്ക്ക് നിരവധി കാരണങ്ങൾ ഉണ്ട്. അതിൽ ഒന്ന് തന്നെയാണ് ശബരിമല സ്വർണക്കൊള്ള. പാട്ട് എഴുതിയ കുഞ്ഞബ്ദുള്ളയ്ക്കെതിരെ വരെ ഹേറ്റ് ക്യാമ്പയ്ൻ നടക്കുകയാണ്. സ്വർണക്കൊള്ളയ്ക്ക് എഴുത്തുകാരന്റെ സർഗാത്മക പ്രതിഷേധ പാട്ടാണിത്. കട്ട് ജയിലിൽ കിടക്കുന്നവർക്കാണ് വികാരം വ്രണപ്പെടേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യത്തിനെതിരെ നിശാഗന്ധിയിൽ പ്രതിഷേധിക്കുക. നേരെ പോയി പാട്ടിനെതിരെ കേസ് കൊടുക്കുക. ഇത്തരം കോമഡിയാണ് ഇപ്പോൾ സിപിഎം ചെയ്യുന്നത്. ഞങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ആളാണ് പാട്ട് എഴുതിയത്. മാദ്ധ്യമങ്ങളാണ് പാട്ട് എഴുതിയ വ്യക്തിയെ കണ്ടെത്തിയത്'- അദ്ദേഹം പറഞ്ഞു.

'പോറ്റിയേ, കേറ്റിയേ സ്വർണം ചെമ്പായ് മാറ്റിയേ' എന്ന് ആരംഭിക്കുന്ന പാരഡി ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. ഈ ഗാനത്തിനെതിരെ തിരുവാഭരണ പാതസംരക്ഷണ സമിതി ജനറൽ സെക്രട്ടറി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പരാതിയിൽ പ്രാഥമികാന്വേഷണം നടത്തിയതിനുശേഷമേ കേസെടുക്കുകയുള്ളൂവെന്നാണ് വിവരം. പാരഡി ഗാനത്തിൽ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടെന്നാണ് പരാതിയിലുള്ളത്.