മസാലബോണ്ടിലെ ഇഡി നോട്ടീസ് റദ്ദാക്കണം,​ ആവശ്യവുമായി മുഖ്യമന്ത്രി ഹൈക്കോടതിയിൽ

Wednesday 17 December 2025 7:22 PM IST

കൊച്ചി: മസാലബോണ്ട് കേസിൽ 'ഫെമ' ചട്ടലംഘനം നടന്നെന്നുകാണിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)​ നൽകിയ നോട്ടീസിനെതിരെ ഹൈക്കോടതിയിൽ ഹ‌ർജി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ഇഡി നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും നോട്ടീസ് റദ്ദാക്കണമെന്നുമാണ് മുഖ്യമന്ത്രി ഹർജിയിൽ ആവശ്യപ്പെടുന്നത്. ഫെമ ചട്ടലംഘനം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി കോടതിയെ അറിയിച്ചു.

വിദേശത്തു നിന്ന് മസാല ബോണ്ട് വഴി സമാഹരിച്ച പണം ഭൂമി വാങ്ങാൻ ഉപയോഗിച്ചതിലൂടെ വിദേശനാണ്യ വിനിമയച്ചട്ടം (ഫെമ) ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇ.ഡി മുഖ്യമന്ത്രിക്കും കിഫ്ബിക്കും നോട്ടീസ് നൽകിയത്. ഇതിൽ കിഫ്‌ബിക്കെതിരായ നോട്ടീസിൽ ഹൈക്കോടതി തുടർനടപടി തടഞ്ഞിരുന്നു. മൂന്നു മാസത്തേക്കാണ് സ്റ്റേ. ഇ.ഡി അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റിയുടെ നോട്ടീസിനെതിരെ കിഫ്ബി നൽകിയ ഹർജിയിലാണ് നടപടിയെടുത്തത്.

ഹർജിയിൽ വിശദ വാദം കേൾക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടക്കാല ഉത്തരവ്. അതേസമയം, സമ്പൂർണ സ്റ്റേ അനുവദിക്കുന്നതിനു പകരം നോട്ടീസിൽ വിശദീകരണം നൽകാൻ നിർദ്ദേശം നൽകണമെന്ന് ഇ.ഡിക്കായി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എ.ആർ.എൽ സുന്ദരേശൻ ആവശ്യപ്പെട്ടു. കോടതിയുടെ തീർപ്പിനു വിധേയമായി മാത്രമേ തുടർനടപടി ഉണ്ടാകൂ എന്നും അദ്ദേഹം അറിയിച്ചു. ഇക്കാര്യം രേഖാമൂലം നൽകിയാൽ പരിഗണിക്കാമെന്ന് കോടതി പറഞ്ഞു.