ക്രിസ്മസ്, പുതുവത്സര അവധി; ട്രെയിനുകളിൽ ടിക്കറ്റ് കിട്ടാനില്ല

Thursday 18 December 2025 1:06 AM IST
train

 സ്വകാര്യ ബസുകളിൽ അമിത നിരക്ക്

പാലക്കാട്: ക്രിസ്മസ്, പുതുവത്സര അവധിയുടെ യാത്രാത്തിരക്ക് ഇന്നാരംഭിക്കും. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ട്രെയിനുകളിൽ മാസങ്ങൾക്കു മുമ്പേ ടിക്കറ്റുകൾ വിറ്റഴിഞ്ഞതിനാൽ സ്വകാര്യ ബസുകളിൽ വൻതുക മുടക്കി ടിക്കറ്റെടുക്കേണ്ട ഗതികേടിലാണ് മറുനാട്ടിലെ മലയാളികൾ. ഇന്നും നാളെയും ബെംഗളൂരുവിൽ നിന്ന് പാലക്കാട് വരെ 3700 രൂപ വരെയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. തിരക്ക് മുന്നിൽക്കണ്ട് കേരള, കർണാടക ആർ.ടി.സികൾ സ്പെഷ്യൽ ബസുകൾ അനുവദിച്ചിട്ടുണ്ടെങ്കിലും ഇതു പര്യാപ്തമല്ലെന്ന് യാത്രക്കാർ പറയുന്നു. ദക്ഷിണ റെയിൽവേ ആവശ്യത്തിന് ശബരിമല സ്പെഷ്യൽ അനുവദിച്ചിട്ടുണ്ടെങ്കിലും അവധിക്കാല സ്പെഷ്യൽ ട്രെയിനുകൾ വളരെ കുറച്ചേ അനുവദിച്ചിട്ടുള്ളു. ബെംഗളൂരുവിൽ നിന്നും നാളെ പുറപ്പെടുന്ന തിരുവനന്തപുരം എ.സി സ്പെഷ്യൽ ട്രെയിനിൽ(06555) ടിക്കറ്റുകൾ ഇതിനകം വെയ്റ്റിംഗ് ലിസ്റ്റിലായി. ചെന്നൈയിൽ നിന്ന് നാളെ പുറപ്പെടുന്ന ചെന്നൈ-കൊല്ലം സ്പെഷ്യൽ ട്രെയിനിലെ(06127) ടിക്കറ്റുകളും വെയ്റ്റിംഗ് ലിസ്റ്റിൽ ആണ്.

ഒരു സ്പെഷ്യൽ ട്രെയിൻ കൂടി

ക്രിസ്മസ്, പുതുവർഷ യാത്രാത്തിരക്ക് പരിഗണിച്ച് കോയമ്പത്തൂരിൽ നിന്ന് കേരളത്തിലൂടെ ഹരിദ്വാറിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ അനുവദിച്ചു. ഡിസംബർ 24ന് രാവിലെ 11.15ന് കോയമ്പത്തൂരിൽ നിന്നു പുറപ്പെടുന്ന കോയമ്പത്തൂർ-ഹരിദ്വാർ ഫെസ്റ്റിവൽ സ്പെഷ്യൽ എക്സ്‌പ്രസ്(നമ്പർ 06043) 26ന് രാത്രി 12.05ന് ഹരിദ്വാറിലെത്തും. കേരളത്തിൽ പാലക്കാട്(12.15), ഷൊർണൂർ(1.00), കോഴിക്കോട്(2.37), കണ്ണൂർ(4.02) എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്. മടക്ക ട്രെയിൻ(നമ്പർ 06044) ഡിസംബർ 30ന് രാത്രി 10.30ന് ഹരിദ്വാറിൽ നിന്ന് പുറപ്പെട്ട് ജനുവരി രണ്ടിന് പുലർച്ചെ നാല് മണിക്ക് കോയമ്പത്തൂർ ജംഗ്ഷനിലെത്തും. കണ്ണൂർ(ജനുവരി ഒന്ന് രാത്രി 8.37), കോഴിക്കോട്(9.57), ഷോർണൂർ(11), പാലക്കാട് ജംഗ്ഷൻ(11.47) എന്നിങ്ങനെയാണ് ട്രെയിനിന്റെ കേരളത്തിലെ സമയക്രമം. 10 എ.സി ത്രീ ടയർ കോച്ച്, 2 എ.സി ത്രീ ടയർ ഇക്കണോമി കോച്ച്, നാല് സ്ലീപ്പർ കോച്ച്, ഒരു സെക്കൻഡ് ക്ലാസ് ലഗേജ് കം ബ്രേക്ക് എന്നിവയാണ് ട്രെയിനിലുള്ളത്. സ്പെഷ്യൽ ട്രെയിനിലെ റിസർവേഷൻ ആരംഭിച്ചു.