രൂപംമാറ്റി എത്തിക്കുന്നത് ഗള്‍ഫില്‍ നിന്നടക്കം; എത്തിയത് 69,000 കിലോഗ്രാം, തടയാന്‍ കേന്ദ്രം

Wednesday 17 December 2025 8:09 PM IST

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്ന് ഉള്‍പ്പെടെ മൂന്ന് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് നികുതി വെട്ടിച്ച് കോടിക്കണക്കിന് രൂപയുടെ സാധനമാണ് ഇറക്കുമതി ചെയ്യുന്നത്. സ്വര്‍ണത്തിന് വില വന്‍തോതില്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണിത്. ഇറക്കുമതി ചെയ്യപ്പെടുന്ന സ്വര്‍ണത്തിന്റെ കാര്യത്തില്‍ 51 ശതമാനം കുറവ് വന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുമ്പോഴാണ് രാജ്യത്തേക്ക് ദ്രാവക രൂപത്തിലുള്ള സ്വര്‍ണം ഒഴുകുന്നുവെന്ന വിവരം പുറത്തുവരുന്നത്.

2025 ജനുവരി - മാര്‍ച്ച കാലയളവില്‍ 69,879 കിലോഗ്രാം സ്വര്‍ണമാണ് രൂപം മാറ്റി എത്തിച്ചതെന്ന് കൊമേര്‍ഷ്യല്‍ ഇന്റലിജന്‍സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് ഡയറക്ടറേറ്റ് ജനറല്‍ പുറത്തുവിട്ട കണക്കില്‍ വ്യക്തമാക്കുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ഇരട്ടിയോളമാണ് ദ്രാവക സ്വര്‍ണം എത്തുന്നതിലെ വര്‍ദ്ധനവ്. യുഎഇ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയിലേക്ക് രൂപം മാറ്റി സ്വര്‍ണം എത്തിക്കുന്നത്.

സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിലെ തട്ടിപ്പാണ് ദ്രാവക സ്വര്‍ണം. ദ്രാവക രൂപത്തിലാക്കി സ്വര്‍ണം ഇന്ത്യയിലേക്ക് എത്തിക്കുന്നതാണ് പരിപാടി. ശരിയായ രീതിയില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോള്‍ ആറ് ശതമാനം നികുതി കൊടുക്കണം. ഇത് വെട്ടിക്കാന്‍ വേണ്ടിയാണ് ദ്രാവക രൂപത്തില്‍ കടത്തുന്നത്. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിനുള്ള നികുതി 15 ശതമാനമായിരുന്ന ഘട്ടത്തില്‍ വിമാനത്താവളങ്ങള്‍ വഴിയുള്ള സ്വര്‍ണക്കടത്ത് വളരെ കൂടുതലായിരുന്നു. എന്നാല്‍ നികുതി ആറ് ശതമാനമായി കുറഞ്ഞപ്പോഴാണ് ആ തുക വെട്ടിക്കാന്‍ പുതിയ മാര്‍ഗം സ്വീകരിച്ച് തുടങ്ങിയത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ കണക്ക് പരിശോധിക്കുമ്പോഴാണ് ദ്രാവക രൂപത്തില്‍ ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ ഒഴുക്ക് എത്രയാണ് വര്‍ദ്ധിച്ചിരിക്കുന്നതെന്ന് മനസ്സിലാകുന്നത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ വെറും രണ്ടായിരം കിലോഗ്രാം ആണ് എത്തിയതെങ്കില്‍ കഴിഞ്ഞ വര്‍ഷം മുഴുവനുള്ള കണക്ക് പരിശോധിച്ചാല്‍ ഇത് 1.20 ലക്ഷം കിലോഗ്രാമായി വര്‍ദ്ധിച്ചിരുന്നു. സ്വര്‍ണത്തിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വലിയ കുതിപ്പ് വിലയില്‍ ഉണ്ടായതിന് പിന്നാലെയാണ് നികുതി വെട്ടിക്കുകയെന്ന ലക്ഷ്യത്തില്‍ ദ്രാവക രൂപത്തിലുള്ള സ്വര്‍ണം കൂടുതലായി എത്താന്‍ തുടങ്ങിയത്. ഇതിലൂടെ വലിയ തുക സര്‍ക്കാരിന് നഷ്ടമാകുന്നുവെന്ന് തിരിച്ചറിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം കടത്തിന് തടയിടാനുള്ള ശ്രമത്തിലാണ്.