സാങ്കേതിക യൂണി. വി.സി ഡോ. സിസാ തോമസുമായി അഭിമുഖം, പൂട്ടൽ അല്ല,​ പുലർത്തലാണ് നയം

Thursday 18 December 2025 12:45 AM IST

ഡോ. സിസാ തോമസ്

വൈസ് ചാൻസലർ നിയമനത്തിൽ സുപ്രീംകോടതി വരെ നടത്തിയ നിയമ പോരാട്ടത്തിനൊടുവിൽ സർക്കാരും ഗവർണറും ഒത്തുതീർപ്പിലെത്തിയത് സാങ്കേതിക സർവകലാശാലയിൽ ഡോ. സിസാ തോമസിനെ നിയമിക്കാൻ സർക്കാർ വഴങ്ങിയതോടെയാണ്. എൻജിനിയറിംഗ് കോളേജുകളിൽ പ്രിൻസിപ്പലായും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സീനിയർ ജോയിന്റ് ഡയറക്ടറായും 32 വർഷം പ്രവർത്തിച്ച സിസ, വി.സി നിയമനത്തിന് അയോഗ്യയാണ് എന്നായിരുന്നു സർക്കാരിന്റെ നിലപാട്. ഇത് ഗവർണർ അംഗീകരിച്ചില്ല.

ഇഷിതാ റോയിക്കായുള്ള സർക്കാരിന്റെ ശുപാർശ തള്ളിക്കളഞ്ഞ്,​ ഗവർണറായിരുന്ന ആരിഫ് മുഹമ്മദ്ഖാൻ സാങ്കേതിക സർവകലാശാലയിൽ സിസാ തോമസിനെ വി.സിയായി നിയമിച്ചതോടെയാണ് സിസ സർക്കാരിന്റെ കണ്ണിലെ കരടായത്. ഗവർണറുടെ ഉത്തരവു പാലിച്ച് സിസ ചുമതലയേറ്റു. സർക്കാർ അനുമതിയില്ലാതെയാണ് ഇതെന്നു ചൂണ്ടിക്കാട്ടി സർക്കാർ സിസയെ വേട്ടയാടി. വിരമിച്ച ദിവസം കുറ്റാരോപണമെമ്മോ നൽകി. പെൻഷനും ആനുകൂല്യങ്ങളും തടഞ്ഞു. ശിക്ഷാ നടപടികൾ ഹൈക്കോടതി തടഞ്ഞു. വി.സി സ്ഥാനത്തുനിന്ന് അയോഗ്യയാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. സാങ്കേതിക സർവകലാശാലയിലെ രേഖകൾ മോഷ്ടിച്ചെന്ന് ആരോപിച്ച് കള്ളക്കേസിനും ശ്രമമുണ്ടായി. നാടകീയ സംഭവങ്ങൾക്കൊടുവിൽ സിസയെ വി.സിയാക്കാൻ സർക്കാർ സമ്മതിച്ചത് ചർച്ചാ വിഷയമായിരിക്കുകയാണ്. ഇന്നലെ സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലറായി ചുമതലയേറ്റ ഡോ. സിസാ തോമസ് 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.

? വി.സി ആയി മൂന്നാം നിയമനമാണല്ലോ.

 വളരെ സന്തോഷമുണ്ട്. സാങ്കേതികം, ഡിജിറ്റൽ, കേരള സർവകലാശാലകളിൽ വൈസ് ചാൻസലറായി നിയമിതയായിട്ടുണ്ട്. മൂന്നിടത്തുമായി അഞ്ച് നിയമന വിജ്ഞാപനങ്ങളും കിട്ടി.

?​ സർവകലാശാലയിൽ ഉദ്ദേശിക്കുന്ന മാറ്റങ്ങൾ.

 വി.സി അഭിമുഖത്തിനു പോയപ്പോൾ പലരും പറഞ്ഞു,​ രക്ഷപ്പെടുത്താൻ ആവാത്ത വിധത്തിൽ യൂണിവേഴ്സിറ്റി നശിച്ചെന്ന്. ആ അഭിപ്രായം എനിക്കില്ല. ശിക്ഷാ നടപടിയിലേക്കു പോയി അടച്ചുപൂട്ടുന്നതിനോട് താത്പര്യമില്ല. സൗകര്യങ്ങളില്ലാത്ത കോളേജുകൾ ക്ലസ്റ്ററുകൾ പോലെയാക്കി സംരക്ഷിക്കണം. കോളേജുകളിലെ കുറവുകൾ മറ്റുള്ളവരുടെ സഹകരണത്തോടെ പരിഹരിക്കണം. ഒരു കോളേജിൽ ലാബില്ലെങ്കിൽ സമീപത്തെ മറ്റൊരു കോളേജിലെ സൗകര്യം ഉപയോഗിക്കണം. ആരംഭിച്ച എൻജിനിയറിംഗ് കോളേജുകൾ അടച്ചുപൂട്ടുന്നത് ശരിയല്ല. എല്ലാവരെയും സംരക്ഷിക്കുകയാണ് ലക്ഷ്യം.

?​ പരാതികൾ ഏറെയുണ്ടല്ലോ.

 പരീക്ഷാഫലം വൈകുന്നു, അദ്ധ്യാപകർക്ക് ജോലിഭാരം കൂടുന്നു എന്നിങ്ങനെയെല്ലാം പരാതികളുണ്ട്. ഇതെല്ലാം ശരിയാക്കാൻ നല്ല ജോലിയുണ്ട്. വലിയ കാഴ്ചപ്പാടോടെയാണ് സർവകലാശാല തുടങ്ങിയത്. അതിനൊത്ത് മുന്നോട്ട് പോയില്ല. ഈ സംവിധാനം എനിക്ക് അറിയാവുന്നതാണ്. അതിനാൽ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോവും. എല്ലാ തലത്തിലും ചർച്ചകൾ നടത്തും.

? വിദ്യാർത്ഥികൾക്ക് ഗുണകരമായ നടപടികൾ.

 കുട്ടികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമാണ് സർവകലാശാലകൾ. വിദ്യാർത്ഥികളെ മുഴുവൻ ജയിപ്പിച്ചു വിടുകയെന്നതല്ല കാര്യം. ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം. ബിടെക്കിൽ എന്തിനാണ് കൂടുതൽ ഗവേഷണമെന്ന് പലരും ചോദിക്കാറുണ്ട്. അവർക്കാണ് പുതിയ കാര്യങ്ങൾ മനസിലാക്കാൻ തുറന്ന മനസുള്ളത്. നൈപുണ്യം നേടണം,​ ജോലിക്ക് പ്രാവീണ്യം നേടുന്നവരാകണം. കേരളത്തിലെ എല്ലാ എൻജിനിയറിംഗ് കോളേജുകളും അഫിലിയേറ്റ് ചെയ്ത സർവകലാശാലയാണ് ഇത്. കുട്ടികളുടെ പ്രതീക്ഷകൾക്കൊത്ത് സർവകലാശാല വളരണം.

? എൻജിനിയറിംഗ് സിലബസ് മെച്ചപ്പെടുത്തേണ്ടതല്ലേ.

 അദ്ധ്യാപകർ പുതിയ കാര്യങ്ങൾ പഠിച്ചെടുത്ത് കുട്ടികളെ പഠിപ്പിക്കണം. അതിനായി പുതിയ അറിവുകളും കണ്ടെത്തലുകളും സിലബസിൽ ഉൾപ്പെടുത്തണം. സിലബസിൽ കുറേ മാറ്റം വരുത്തിയിട്ടുണ്ട്. ഇനിയും വേണം. കമ്പനികൾ നോക്കുന്നത് ഡിഗ്രിയോ മാർക്കോ അല്ല. എത്രത്തോളം നൈപുണ്യമുള്ളവരാണ് എന്നാണ് ഇപ്പോൾ കമ്പനികൾ പരിഗണിക്കുന്നത്. ഹാർഡ് വർക്കിന്റെ സ്ഥാനത്ത് സ്മാർട്ട് വർക്കായി.

? സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ നടപടികൾ...

 കമ്പനികളിൽ ജോലി നേടാൻ ഇപ്പോൾ വിദ്യാർത്ഥികൾ താത്പര്യപ്പെടുന്നില്ല. സംരംഭകരാവാനും മറ്റുള്ളവർക്ക് ജോലി നൽകാനുമുള്ള ചിന്താഗതിയാണ് കുട്ടികൾക്ക്. അതിന് വിദ്യാർത്ഥികളെ പ്രാപ്തരാക്കണം,​ പിന്തുണ നൽകണം. അവരെ വ്യവസായങ്ങളും കമ്പനികളും വ്യക്തികളുമായി ബന്ധപ്പെടുത്തണം. അങ്ങനെ അവസരങ്ങൾ ഉണ്ടാക്കികൊടുക്കണം.

? സർക്കാരുമായി ഇനി...

 സർക്കാരുമായി ഒരു പിണക്കവുമില്ല. അവർക്ക് എന്നോടാണ് പിണക്കം. ഡിജിറ്റൽ സർവകലാശാലയിലെ ഔദ്യോഗിക ആവശ്യത്തിന് മന്ത്രിമാരെ നിരന്തരം കാണാറുണ്ടായിരുന്നു. സാങ്കേതിക സർവകലാശാലയിലെ മിനുട്ട്സ് മോഷ്ടിച്ചെന്ന് എനിക്കെതിരെ ആരോപണമുന്നയിച്ചു. അതിൽ കാര്യമില്ല. ആരോപണം ഉന്നയിച്ചവർ തന്നെ വിഡ്ഢികളായി.