പ്ളാറ്റ്ഫോമിന്റെ മേൽക്കൂരയിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി; ട്രെയിനുകൾ വൈകി

Wednesday 17 December 2025 10:03 PM IST

ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ പ്ളാറ്റ്ഫോമിന്റെ മേൽക്കൂരയിൽ കയറി വൈദ്യുതി ലൈനിലേക്ക് ചാടുമെന്ന് പറഞ്ഞ് ആത്മഹത്യാ ഭീഷണി മുഴക്കിയ അന്യസംസ്ഥാന തൊഴിലാളിയെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) അതിസാഹസികമായി വരുതിയിലാക്കി.

ഇന്നലെ രാവിലെ ആറ് മണിയോടെ രണ്ട്, മൂന്ന് പ്ലാറ്റ്‌ഫോമിന്റെ മേൽക്കൂരയിൽ കയറി പശ്ചിമബംഗാൾ ന്യു ജയ്പാൽഗുരി സ്വദേശി കൈലാഷ് റായി (35) ആണ് ഭീഷണി മുഴക്കിയത്. ഒന്നര മണിക്കൂറിലേറെ ട്രെയിൻ സർവീസ് തടസപ്പെട്ടു. ആർ.പി.എഫ് ഇയാൾക്കരികിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും അടുത്തുവന്നാൽ ലൈനിൽ ചാടുമെന്ന് യുവാവ് വിളിച്ചുപറഞ്ഞു.

ഇതോടെ അപകടം ഒഴിവാക്കാനായി വൈദ്യുതബന്ധം വിച്ഛേദിച്ചു. അഗ്നിരക്ഷാസേന സ്ഥലത്തെത്തിയെങ്കിലും താഴെയിറക്കാനായില്ല. യുവാവിന്റെ വീട്ടുകാരെ വീഡിയോകോളിൽ വിളിച്ചുനൽകി അനുനയിപ്പിക്കാനുള്ള ശ്രമവും വിജയിച്ചില്ല. ഇതിനിടെ യുവാവിന്റെ ശ്രദ്ധമാറിയപ്പോൾ ആർ.പി.എഫ് എസ്‌.ഐ കെ.എസ്.മണികണ്ഠൻ പാലത്തിൽ നിന്ന് മേൽക്കൂരയിലേക്ക് ചാടിയിറങ്ങി പിടികൂടാൻ ശ്രമിച്ചെങ്കിലും മേൽക്കൂരയിലൂടെ ഓടി. പിന്തുടർന്ന് ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു.

കടത്തിണ്ണകളിൽ അന്തിയുറങ്ങി പകൽ കൂലിപ്പണിക്ക് പോകുന്ന പ്രതി ജനങ്ങളുടെ ശ്രദ്ധയാകർഷിക്കാനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്ന് ആർ.പി.എഫ് പറഞ്ഞു. ഇയാളെ എറണാകുളം സി.ജെ.എം കോടതി റിമാൻഡ് ചെയ്തു. എസ്‌.ഐ കെ.എസ്. മണികണ്ഠന് പുറമെ ആലുവ ആർ.പി.എഫ് ഇൻസ്‌പെക്ടർ എ.പി. വേണു, സുരേഷ് കുമാർ, സുരേന്ദ്രൻ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.

ഏഴ് ട്രെയിനുകൾ

തടസപ്പെട്ടു

യുവാവിന്റെ ആത്മഹത്യാ ഭീഷണിയെ തുടർന്ന് ഏഴ് ട്രെയിനുകൾ ഒന്നര മണിക്കൂറോളം തടസപ്പെട്ടു. കളമശേരി, ഇടപ്പള്ളി, ചൊവ്വര, അങ്കമാലി സ്റ്റേഷനുകളിലായി ട്രെയിനുകൾ പിടിച്ചിട്ടു.

എറണാകുളം - കണ്ണൂർ ഇന്റർസിറ്റി, കോട്ടയം - നിലമ്പൂർ, കൊല്ലം - തിരുപ്പതി, ചെന്നൈ - തിരുവനന്തപുരം മെയിൽ, മുംബയ് - കന്യാകുമാരി ഐലൻഡ്, ഗുരുവായൂർ - എറണാകുളം പുപ്‌പുൾ, ഷൊർണൂർ - എറണാകുളം പാസഞ്ചർ ട്രെയിനുകളാണ് തടസപ്പെട്ടത്.