കടൽജീവികൾക്ക് മാത്രമല്ല ഇവ മനുഷ്യനും ഹാനികരം; വരാനിരിക്കുന്നത് വൻ ദുരന്തം

Wednesday 17 December 2025 10:13 PM IST

പരിസ്ഥിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മൈക്രോ പ്ലാസ്‌റ്റിക്കുകൾ. ഇത് മനുഷ്യന്റെ ആരോഗ്യത്തിനും ഇവ ഒരു പ്രധാന ആശങ്കയായി മാറിയിരിക്കുന്നു. നമ്മുടെ ഭക്ഷണം, വെള്ളം തുടങ്ങിയവയ്ക്ക് പുറമെ മനുഷ്യശരീരത്തിൽ പോലും മൈക്രോപ്ലാസ്‌റ്റിക്കിന്റെ സാന്നിദ്ധ്യമുണ്ട്.

നമ്മുടെ ചുറ്റുപാടിനുമുള്ള മൈക്രോപ്ലാസ്‌റ്റിക്കുകളെല്ലാം ഒടുവിൽ എത്തിച്ചേരുന്നത് സമുദ്രങ്ങളിലാണ്. നാസയുടെ അഭിപ്രായത്തിൽ, ഏകദേശം എട്ട് ദശലക്ഷം ടണ്ണിലധികം മൈക്രോപ്ലാസ്റ്റിക് വർഷംതോറും സമുദ്രങ്ങളിലേക്ക് ഒഴുകുന്നുണ്ട്. വെള്ളത്തിൽ ഇവയുടെ സഞ്ചാരം മനസിലാക്കാനായി ഒരു കൂട്ടം ഗവേഷകർ ചേർന്ന് ഒരു പഠനം നടത്തി. മുൻ പഠനങ്ങളിൽ, ഭൂമിയിലുടനീളമുള്ള മൈക്രോപ്ലാസ്റ്റിക്കിന്റെ ചലനം ട്രാക്ക് ചെയ്യാനായി വിദഗ്ദ്ധർ സൈക്ലോൺ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റത്തിന്റെ ഭാഗമായ ഉപഗ്രഹങ്ങൾ ഉപയോഗിച്ചിട്ടുണ്ട്.

എന്നാൽ ഇവയുപയോഗിച്ച് സമുദ്ര‌ങ്ങൾക്ക് അടിത്തട്ടിൽ നടക്കുന്ന മൈക്രോപ്ലാസ്‌റ്റിക്കുകളുടെ ചലനം മനസിലാക്കാൻ സാധിക്കില്ല. മസാച്യുസെറ്റ്സിലെ വുഡ്സ് ഹോൾ ഓഷ്യാനോഗ്രാഫിക് ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നുള്ള ലാറി പ്രാറ്റും ഐറിന റൈപിനയും ഈ പ്രക്രിയ ട്രാക്ക് ചെയ്യാനായി 3D മോഡലിംഗിലേക്ക് തിരിഞ്ഞു. കടലിലൂടെ കടന്നുപോകുമ്പോൾ മൈക്രോപ്ലാസ്റ്റിക് ഒരു ചുഴലിപോലെ രൂപപ്പെടുന്നുവെന്ന് അവർ കണ്ടെത്തി.

സമുദ്രജലപ്രവാഹത്തെക്കുറിച്ച് മനസിലാക്കുന്നതിനായി സിലിണ്ടറിക്കൽ ആകൃതിയിലുള്ള ഒരു ഉപകരണം അവർ കടലിന്റെ അടിത്തട്ടിലേക്ക് ഇറക്കി. അതിൽ നിന്നും ആയിരക്കണക്കിന് കിലോമീറ്ററുകൾ മൈക്രോപ്ലാസ്റ്റിക്കുകൾ സഞ്ചരിക്കുമെന്ന് മനസിലായി. മൈക്രോപ്ലാസ്റ്റിക്കുകളെല്ലാം കൂടി പരസ്‌പരം ചേർന്ന് ഒരു വലിയ ചുഴലിപോലെയാണ് സഞ്ചരിക്കുന്നത്. ഇതിനുള്ളിലേക്ക് കടൽജീവികൾ ഉൾപ്പെടെ കുടുങ്ങുകയും അവയുടെ നാശത്തിന് കാരണമാകുകയും ചെയ്യുന്നു. മത്സ്യങ്ങൾ ഉൾപ്പെടെയുള്ളവയുടെ ഉള്ളിലേക്ക് ഇവയുടെ കണങ്ങൾ എത്തുന്നതിനാൽ അവയെ ആഹാരമാക്കുന്ന മനുഷ്യന്റെ ശരീരത്തിലേക്കും ഇവ പ്രവേശിക്കുന്നു. കാൻസർ ഉൾപ്പെടെയുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് ഇവ നമ്മെ നയിക്കും.