മകരവിളക്കിന്റെ റിവ്യൂ മീറ്റിംഗ് 26ന്

Thursday 18 December 2025 12:23 AM IST

ശബരിമല : മകരവിളക്ക് ആഘോഷത്തിന്റെ റിവ്യൂ മീറ്റിംഗ് 26ന് നടത്താൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തി​ൽ തീരുമാനി​ച്ചു. ഓൺലൈനായും അല്ലാതെയും താമസസ്ഥലം ബുക്ക് ചെയ്യുന്നവർക്ക് പലപ്പോഴും നിക്ഷേപ തുക തിരികെ നൽകുന്നതിൽ കാലതാമസം വരുന്ന കാര്യം യോഗം ചർച്ച ചെയ്‌തു. ശബരിമലയിലെത്തുന്ന അയ്യപ്പഭക്തർക്ക് ഈ മാസം 21 മുതൽ സദ്യയൊരുക്കും. ഓരോ ദിവസം ഇടവിട്ടാകും സദ്യ നൽകുന്നത്. ശബരിമല മാസ്റ്റർ പ്ലാനിൽ വേഗത്തിൽ നടപ്പാക്കാനാകുന്ന പദ്ധതികളെ കുറിച്ച് വ്യാഴാഴ്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ചേരുന്ന യോഗത്തിൽ ചർച്ച ചെയ്യും. തന്ത്രിയുടെയും മേൽശാന്തിയുടെയും മഠം ഉൾപ്പെടെയുള്ളവ മാറ്റി സ്ഥാപിക്കുന്ന പദ്ധതികൾ അടുത്ത സീസണിന് മുമ്പ് പൂർത്തിയാക്കാനാകുമോയെന്ന് പരിശോധിക്കും. പുതിയ അരവണ പ്ലാന്റ് സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. നടപ്പാക്കുന്ന പദ്ധതികൾക്കായി സ്പോൺസർമാരെ കണ്ടെത്തുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് ജയകുമാർ അറി​യി​ച്ചു.