സി.പി.എം മുൻ കൗൺസിലർക്കെതിരെ വധശ്രമം , ബി.ജെ.പി കൗൺസിലർക്ക് ഉൾപ്പെടെ 36 വർഷം തടവ്
തലശ്ശേരി: സി.പി.എം മുൻ കൗൺസിലർ പി. രാജേഷിനെയും കുടുംബത്തെയും വീടാക്രമിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ ബി.ജെ.പി നിയുക്ത വാർഡ് കൗൺസിലർ ഉൾപ്പെടെ 10 പ്രതികൾക്ക് 36 വർഷം തടവ്. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ 10 വർഷമായി ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. തലശ്ശേരി നഗരസഭ കൊമ്മൽവയൽ വാർഡിൽ നിന്ന് വിജയിച്ച ബി.ജെ.പി സ്ഥാനാർത്ഥി യു.പ്രശാന്ത് (ഉപ്പേട്ട പ്രശാന്ത് -49) ഉൾപ്പെടെയുള്ള പ്രതികൾക്കാണ് ശിക്ഷ ലഭിച്ചത്.
മഠത്തിൽ താഴെ രാധാകൃഷ്ണൻ (54), രാജശ്രീ ഭവനത്തിൽ രാധാകൃഷ്ണൻ (53), പി.വി. സുരേഷ് (51), എൻ.സി. പ്രശോഭ് (41), ജിജേഷ് എന്ന ഉണ്ണി (43), കെ. സുധീഷ് എന്ന മുത്തു (43), പ്രജീഷ് എന്ന പ്രജൂട്ടി (46), ഒ.സി. രൂപേഷ് (49), മനോജ് (40) എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റു പ്രതികൾ. എട്ടാം പ്രതി മനോജ് കേസിനിടെ മരിച്ചിരുന്നു. പ്രജീഷ് എന്ന പ്രജൂട്ടി ന്യൂമാഹിയിലെ സി.പി.എം പ്രവർത്തകൻ ഹരിദാസൻ വധക്കേസിലെ പ്രതിയാണ്. പ്രതികൾ 1,04,000 രൂപ വീതം പിഴ അടയ്ക്കണം. അല്ലാത്തപക്ഷം ഏഴു മാസം 25 ദിവസം അധിക തടവ് അനുഭവിക്കണം. പിഴത്തുക പരിക്കേറ്റവർക്ക് നൽകാനും കോടതി നിർദ്ദേശിച്ചു. 2007 ഡിസംബർ 15ന് രാത്രി തലശ്ശേരി കൊമ്മൽവയലിൽ രാജേഷിന്റെ വീട്ടിൽ കയറിയാണ് ആർ.എസ്.എസ് - ബി.ജെ.പി പ്രവർത്തകർ ആക്രമണം നടത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം രാജേഷിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചപ്പോൾ തടയാൻ എത്തിയ സഹോദരൻ പി.രഞ്ജിത്തിനും പിതൃസഹോദരി ചന്ദ്രമതിക്കും പരിക്കേറ്റു. പാനൂർ പൊലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി. പ്രകാശൻ ഹാജരായി.
ജയിലിൽ രണ്ട് കൗൺസിലർ പയ്യന്നൂരിൽ പൊലീസുകാരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസിൽ സി.പി.എം നിയുക്ത കൗൺസിലറും ഡി.വൈ.എഫ്.ഐ പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറിയുമായ നിഷാദ് 20 വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ്. 2012 ആഗസ്റ്റ് ഒന്നിന് എം.എസ്.എഫ് നേതാവ് ഷൂക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് പി. ജയരാജനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെയായിരുന്നു ബോംബേറ്. തിരഞ്ഞെടുപ്പുസമയത്ത് നിഷാദ് ജയിലിലായിരുന്നെങ്കിലും, പത്രിക സമർപ്പിച്ച ഘട്ടത്തിൽ വിധി വന്നിട്ടില്ലാത്തതിനാൽ പയ്യന്നൂർ നഗരസഭയിലെ 46ാം വാർഡ് മൊട്ടമ്മലിൽ നിന്ന് മത്സരിക്കുന്നതിന് നിയമപരമായ തടസ്സമുണ്ടായിരുന്നില്ല. നിഷാദിന്റെ അഭാവത്തിൽ സി.പി.എം പ്രവർത്തകരാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്.