നഗരസഭാ അദ്ധ്യക്ഷനും വൈസ് ചെയർമാനും: പത്തനംതിട്ടയിൽ ചർച്ച മുറുകുന്നു
സിന്ധു അനിൽ, അംബികാവേണു, ഗീതാസുരേഷ്,
ആശാ മോഹൻരാജ് പരിഗണനയിൽ
പത്തംനംതിട്ട : പത്തനംതിട്ട നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആര് വരുമെന്ന ചർച്ചകൾ കോൺഗ്രസിന്റെ അകത്തളങ്ങളിൽ മുറുകുന്നു. സീനിയോറിറ്റി പരിഗണിച്ച് ചെയർപേഴ്സണെ പ്രഖ്യാപിക്കുമെന്നാണ് സൂചന. മുതിർന്ന നേതാക്കളായ ആന്റോ ആന്റണി, അടൂർ പ്രകാശ്, പി.ജെ.കുര്യൻ, ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ തുടങ്ങിയവർ ഉൾപ്പെടുന്ന യോഗത്തിലാണ് അന്തിമ തീരുമാനം എടുക്കുന്നത്. കെ.പി.സി.സിയുടെ അനുമതിയോടെ ചെയർപേഴ്സണെ പ്രഖ്യാപിക്കും.
സീനിയോറിറ്റി പരിഗണിച്ചാൽ സിന്ധു അനിലിനാണ് മുൻഗണന. നാലാം തവണയാണ് നഗരസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. നിലവിലെ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ പ്രതിനിധീകരിച്ച തൈക്കാവ് വാർഡിൽ നിന്ന് 315 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്.
ഭർത്താവ് അനിലിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി കൗൺസിലിൽ എത്തിയത്. തുടർച്ചയായി പന്ത്രണ്ട് വർഷം നഗരസഭാ കൗൺസിലറാണ്. ഡി.സി.സി ജനറൽ സെക്രട്ടറി കൂടിയാണ് സിന്ധു അനിൽ. ഒരു തവണ ചെയർപേഴ്സൺ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു.
മൂന്ന് തവണ കൗൺസിലറായ അംബികാ വേണുവും പരിഗണനയിലുണ്ട്. കുമ്പഴ ഈസ്റ്റ് വാർഡിൽ നിന്ന് വിജയിച്ച അംബികാവേണു നഗരസഭയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് (565) വിജയിച്ചത്. കോൺഗ്രസ് ബ്ളോക്ക് കമ്മിറ്റി ഭാരവാഹിയാണ്.
മുൻ നഗരസഭ ചെയർപേഴ്സൺ അഡ്വ.ഗീതാസുരേഷാണ് പരിഗണനയിലുള്ള മറ്റൊരു കൗൺസിലർ. വലഞ്ചുഴി വാർഡിൽ നിന്ന് 201 വോട്ടുകൾക്കാണ് വിജയിച്ചത്. നഗരസഭയിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട ആശാ മോഹൻരാജിനെയും പരിഗണിച്ചേക്കുമെന്നാണ് സൂചന.
സജി കെ.സൈമണോ ഏബൽ മാത്യുവോ?
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസ് കൗൺസിലർമാരായ സജി കെ.സൈമണും ഏബൽ മാത്യുവിനും വേണ്ടി നീക്കം ശക്തമായി. രണ്ടുപേരും മുൻ കൗൺസിലർമാരാണ്. ഘടക കക്ഷിയായ മുസ്ളീം ലീഗും വൈസ് ചെയർമാൻ പദവി ആവശ്യപ്പെടുന്നുണ്ട്. ചുട്ടിപ്പാറ ഈസ്റ്റ് വാർഡിൽ എസ്.ഡി.പി.ഐയെ തോൽപ്പിച്ച സഗീറാണ് ലീഗ് കൗൺസിലർ.