വിഴിഞ്ഞമടക്കം 3 വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്
Thursday 18 December 2025 12:36 AM IST
തിരുവനന്തപുരം: സ്ഥാനാർത്ഥികളുടെ നിര്യാണത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം ഉൾപ്പെടെ സംസ്ഥാനത്തെ മൂന്ന് തദ്ദേശ വാർഡുകളിൽ വോട്ടെടുപ്പ് ജനുവരി 12ന്. വിജ്ഞാപനം ഇന്നലെ പുറത്തിറങ്ങി. വോട്ടെണ്ണൽ ജനുവരി 13ന് രാവിലെ 10ന്.
മലപ്പുറം ജില്ലയിലെ മൂത്തേടം ഗ്രാമപഞ്ചായത്തിലെ പായിമ്പാടം, എറണാകുളം ജില്ലയിലെ പാമ്പാക്കുട ഗ്രാമപഞ്ചായത്തിലെ ഓണക്കൂർ എന്നിവയാണ് മറ്റു രണ്ട് വാർഡുകൾ. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. നിലവിൽ സ്ഥാനാർത്ഥികളായിട്ടുള്ളവർ വീണ്ടും നാമനിർദ്ദേശ പത്രിക സമർപ്പിക്കേണ്ടതില്ല. അല്ലാത്തവർക്ക് ഡിസംബർ 24 വരെ പത്രിക സമർപ്പിക്കാം. 26ന് സൂക്ഷ്മപരിശോധന. 29വരെ പിൻവലിക്കാം.
മൂത്തേടം, പാമ്പാക്കുട ഗ്രാമപഞ്ചായത്തുകളിൽ പൂർണമായും വിഴിഞ്ഞം വാർഡിൽ മാത്രമായും മാതൃകാ പെരുമാറ്റചട്ടം നിലനിൽക്കും.