ചരക്ക് ഇ- വാഹനങ്ങളെ പ്രോത്സാഹിപ്പിക്കും: മന്ത്രി കൃഷ്ണൻകുട്ടി
തിരുവനന്തപുരം: ചരക്ക് കടത്ത് മേഖലയിൽ ഇ- വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ചരക്ക് കടത്ത് രംഗത്ത് ഇ-വാഹനങ്ങൾ വർദ്ധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ ആവിഷ്കരിച്ച പി.എം.ഡ്രൈവ് പദ്ധതിയുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. നടത്തിയ ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗത്തിൽ ഇന്ന് ഭാരതത്തിലെ മുൻനിര സംസ്ഥാനങ്ങളിലൊന്നായി മാറാൻ കേരളത്തിനായി. ഇതുവരെ മൂന്ന് ലക്ഷത്തിലധികം വൈദ്യുത വാഹനങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തുയെന്നത് ചെറിയ നേട്ടമല്ല. പുതിയ വാഹന വിൽപനയുടെ 10 ശതമാനത്തിലധികം വൈദ്യുത വാഹനങ്ങളാണെന്നത് സംസ്ഥാന സർക്കാരിന്റെ 2019ലെ വൈദ്യുതവാഹന നയത്തിന്റെ വിജയമാണ്.പുതിയ തുറമുഖങ്ങളും ലോജിസ്റ്റിക്സ് പാർക്കുകളും വികസിച്ചു വരുന്ന സാഹചര്യത്തിൽ റോഡ് വഴിയുള്ള ചരക്ക് നീക്കം വർദ്ധിക്കുമെന്നും ഈ അവസരത്തിലാണ് മീഡിയം, ഹെവി ഡ്യൂട്ടി ട്രക്കുകളുടെ വൈദ്യുതീകരണത്തിലൂടെ വ്യാവസായിക ലാഭവും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പി.എം ഡ്രൈവ് പദ്ധതിയുടെ കീഴിൽ സ്വകാര്യഭൂമിയിൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ താത്പര്യമുള്ള ചാർജ് പോയിന്റ് ഓപ്പറേറ്റർമാരിൽനിന്ന് താത്പര്യപത്രം സ്വീകരിക്കാൻ കെ.എസ്.ഇബി വികസിപ്പിച്ച വെബ്‌പോർട്ടൽ മന്ത്രി ഉദ്ഘാടനം ചെയ്തു.
ഊർജ്ജവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ,കെ.എസ്.ഇ.ബി.സി.എം.ഡി.മിൻഹാജ് ആലം,ഗതാഗതകമ്മിഷണർ നാഗരാജു ചക്കിലം,കെ.എസ്.ആർ.ടി.സി.എം.ഡി.ഡോ.പി.എസ്.പ്രമോദ് ശങ്കർ,ഇ.എം.സി.ഡയറക്ടർ ഡോ.ഹരികുമാർ,തുടങ്ങിയവർ പങ്കെടുത്തു.