പ്രിയയുടെ ഹെൽത്തി മെനു, 24 രുചിഭേദം

Thursday 18 December 2025 4:53 AM IST

ആലപ്പുഴ: പ്രിയ ബാലന്റെ ഹെൽത്തി മെനുവിന് 24 രുചിഭേദങ്ങൾ. ഓരോ ദിവസവും വ്യത്യസ്ത വിഭവങ്ങൾ. മധുരം, എണ്ണ, മൈദ, ജങ്ക് ഫുഡുകൾ എന്നിവയെ പുറത്താക്കിയാണ് പ്രിയയുടെ പരീക്ഷണം, മൂന്നു നേരവും ആരോഗ്യപ്രദമായ ഭക്ഷണം. ജോലിക്കു പോകുന്ന സ്ത്രീകൾ, മുതിർന്ന പൗരന്മാർ, ജിമ്മിൽ പരിശീലനം നടത്തുന്നവർ, വീടുവിട്ട് താമസിക്കുന്നവർ തുടങ്ങിയവരെ ലക്ഷ്യമാക്കി ആരംഭിച്ച 'പ്രിയ റിഥം ഒഫ് കുക്കിംഗി"ന്റെ ഡയറ്റ് ലൈഫ് ക്ലബ് രണ്ടു മാസം കൊണ്ട് ഹിറ്റായി. ഭർത്താവ് ബാലനൊപ്പം ആലപ്പുഴയിൽ ജുവലറി വ്യവസായത്തിൽ ഏർപ്പെട്ടിരിക്കെയാണ് പ്രിയയുടെ പാചകകൗതുകം സ്റ്റാർട്ടപ്പ് ആയത്.

ഇംഗ്ലീഷ് ബ്രേക് ഫാസ്റ്റ്, കോണ്ടിനെന്റൽ, സൗത്ത് ഇന്ത്യൻ ഫ്യൂഷൻ വിഭവങ്ങൾ, പഴങ്ങൾ, മില്ലറ്റ്, മുളപ്പിച്ച പയർ വർഗങ്ങൾ, നട്ട്സ്, മുട്ട, മത്സ്യം, ഇറച്ചി തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ഫുഡ് പ്ലേറ്റ് മൂന്നു നേരവും ആവശ്യക്കാരുടെ കൈകളിലെത്തും.മാസത്തിൽ ഓരോദിവസവും വ്യത്യസ്ത മെനുവാണ്. ഞായറാഴ്ച അവധി.

വഴിത്തിരിവ് പഞ്ചസാരയ്ക്കു പകരം നാട്ടുശർക്കര ഉപയോഗിച്ച് തയ്യാറാക്കിയ ബ്രൗണി ഒരു സുഹൃത്തിന് സമ്മാനിച്ചതാണ് സംരംഭക രംഗത്ത് വഴിത്തിരിവായത്. വ്യത്യസ്തവും രുചികരവുമായ ബ്രൗണി ഇഷ്ടപ്പെട്ട സുഹൃത്ത് 500 രൂപ നൽകി കൂടുതൽ ഓർഡർ നൽകി. അതോടെ ആവശ്യക്കാർ കൂടി.തമിഴ്നാട് സ്വദേശിയായ പ്രിയ നാഗർകോവിലിലെ നാഞ്ചിൽ ബിരിയാണി വിപണിയിലിറക്കിയതും ഹിറ്റായി. ഇതോടെയാണ് ആരോഗ്യഭക്ഷണം ഒരു സംരംഭമായി മനസ്സിലുദിച്ചത്.

24 ദിവസം 24 ഭക്ഷണം

മുൻ എം.പി അഡ്വ.എ.എം.ആരിഫിന്റെ ഭാര്യ ഡോ.ഷഹനാസുമായി കൂടിയാലോചിച്ചാണ് ഡയറ്റ് പ്ലാൻ തയ്യാറാക്കിയത്. ഡയറ്റ് ലൈഫ് ക്ലബിൽ ഒരു മാസത്തേക്ക് സബ്സ്ക്രിപ്ഷനെടുക്കുന്നവർക്കാണ് ഭക്ഷണം എത്തിക്കുന്നത്. മാസം മൂന്നു നേരം ഭക്ഷണത്തിന് 14,000 രൂപയാണ് നിരക്ക്. ഓരോ ഉപഭോക്താവിനുമായി പ്രത്യേകം ഡിസൈൻ ചെയ്ത സ്റ്റീൽ പ്ലേറ്റുകളിലാണ് ഭക്ഷണം. പാത്രം കഴുകി തുടച്ച് തിരികെ ഏൽപ്പിക്കണം. സഹായികളായി അഞ്ചു പേരാണുള്ളത്. ആലപ്പുഴ തോണ്ടൻകുളങ്ങരയിലെ വീടിനോട് ചേർന്നാണ് ക്ലൗഡ് കിച്ചൻ.