ഭാരതാംബ പോരിലും സർക്കാർ വഴങ്ങി

Thursday 18 December 2025 12:37 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയിൽ ഗവർണർ പങ്കെടുത്ത പരിപാടിയിലെ ഭാരതാംബ ചിത്രവിവാദവുമായി ബന്ധപ്പെട്ട് ആറുമാസമായി സസ്പെൻഷനിൽ തുടരുന്ന രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിനെ ആ തസ്തികയിൽ നിന്നുതന്നെ പിൻവലിച്ച് സർക്കാർ തലയൂരി.

സസ്പെൻഷനെ ചോദ്യം ചെയ്ത് അനിൽകുമാർ നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്, മാതൃസ്ഥാപനമായ ശാസ്താംകോട്ട ഡി.ബി.കോളേജിലേക്ക് തിരിച്ചയച്ച് ഉന്നതവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്.

ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിലെ വി.സി നിയമനത്തിൽ ഗവർണറുമായി ഒത്തുതീർപ്പിലെത്തിയതിന് പിന്നാലെയാണ് ഭാരതാംബചിത്രവിവാദത്തിലും സമവായം.

ഞായറാഴ്ചയാണ് മുഖമന്ത്രി ഗവർണറെ നേരിട്ടുകണ്ട് വി.സി.നിയമനത്തിൽ സമവായത്തിലെത്തിയത്. ഇതിന്റെ തുടർച്ചയെന്നോണം, പദവിയിൽ നിന്ന് ഒഴിവാക്കണമെന്ന അനിൽകുമാറിന്റെ അപേക്ഷ തിങ്കളാഴ്ച സർക്കാരിന് മുന്നിലെത്തി. ഡെപ്യൂട്ടേഷൻ അവസാനിപ്പിച്ച് കോളേജിലേക്ക് തിരിച്ചുപോവാൻ അനുവദിച്ചുകൊണ്ട് ഇന്നലെ ഉത്തരവിറങ്ങി. തിരികെ പ്രവേശിപ്പിക്കാൻ ദേവസ്വം ബോർഡിന് നിർദ്ദേശവും നൽകി.

സസ്പെൻഷൻ പിൻവലിച്ചാലേ

ജോലിയിൽ പ്രവേശിക്കാനാവൂ

രജിസ്ട്രാർ പദവിയിൽ 2029 ഫെബ്രുവരിവരെ കാലാവധി ഉണ്ടായിരുന്നു. പ്രിൻസിപ്പാളായിരിക്കേയാണ്

ഡെപ്യൂട്ടേഷനിൽ പദവി ഏറ്റെടുത്തത്. രജിസ്ട്രാറുടെ സസ്പെൻഷൻ സർവകലാശാല റദ്ദാക്കിയാലേ കോളേജിൽ ജോലിയിൽ പ്രവേശിക്കാനാവൂ. വി.സി നൽകിയ കാരണം കാണിക്കൽ നോട്ടീസ് പിൻവലിച്ച്, സസ്പെൻഷൻ നടപടികൾ അവസാനിപ്പിക്കണം. പിന്നാലെ രജിസ്ട്രാർ നിയമനത്തിന് പുതിയ വിജ്ഞാപനം ഇറക്കും.