തദ്ദേശ തിരഞ്ഞെടുപ്പ്: യു.ഡി.എഫ് മേധാവിത്വം 8 ജില്ലയിൽ: ഇടത് ആറിലും

Thursday 18 December 2025 3:15 AM IST

□ഇടതു മുന്നണിക്ക് വോട്ട് നഷ്ടം 2.50 ലക്ഷം

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിൽ എട്ട് ജില്ലകളിൽ യു.ഡി.എഫും,

ആറ് ജില്ലകളിൽ എൽ.ഡി.എഫും മേധാവിത്വം നേടി.എൻ.ഡി.എയ്ക്ക് ഒരു ജില്ലയിലും

മേധാവിത്വമില്ല.

പത്തനംതിട്ട,ഇടുക്കി,കോട്ടയം,എറണാകുളം,മലപ്പുറം,വയനാട്,കോഴിക്കോട്,കാസർകോട്

ജില്ലകളിലാണ് യു.ഡി.എഫ് മേധാവിത്വം.എൽ.ഡി.എഫ് മേധാവിത്വം തിരുവനന്തപുരം,

കൊല്ലം,ആലപ്പുഴ,തൃശൂർ പാലക്കാട്,കണ്ണൂർ ജില്ലകളിലും. ഇടതു മുന്നണിക്ക് കുറഞ്ഞത്

2.5 ലക്ഷം വോട്ട്.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാൾ മൂന്ന് ശതമാനത്തോളം പോളിംഗാണ് ഇത്തവണ കുറഞ്ഞത്. മൂന്ന് പ്രധാന മുന്നണികളും കൂടി നേടിയത് 2.04 കോടി വോട്ടാണ്. 2.84 കോടി വോട്ടർമാരാണ് സംസ്ഥാനത്തുള്ളത്.ഇതിൽ 73.69%പേരാണ് വോട്ട് ചെയ്തത്. യു.ഡി.എഫ്. 89.69ലക്ഷവും ഇടതുമുന്നണി 82.16ലക്ഷവും എൻ.ഡി.എ.32.17ലക്ഷവും വോട്ടാണ് നേടിയത്.

ഇടതുമുന്നണിക്ക് 2.30ലക്ഷം വോട്ട് കുറഞ്ഞപ്പോൾ 2020നെ അപേക്ഷിച്ച് യു.ഡി.എഫിന് 10.62ലക്ഷം വോട്ടും എൻ.ഡി.എയ്ക്ക് വെറും അര ലക്ഷം വോട്ടും കൂടി. . ഗ്രാമപഞ്ചായത്തുകളിൽ സി.പി.എം മേധാവിത്വം നഷ്ടമായി.കോർപറേഷനുകളിൽ ബി.ജെ.പി.മികച്ച മുന്നേറ്റം കൈവരിച്ചു..മുനിസിപ്പാലിറ്റികളിൽ സി.പി.എം.946 സീറ്റുകൾ കൈയ്യടക്കിയപ്പോൾ കോൺഗ്രസിന് നേട്ടം 899 സീറ്റുകൾ. മുസ്ലിം ലീഗ് 510സീറ്റുകളുമായി മൂന്നാമതെത്തി. ബി.ജെ.പി.ക്ക് 324സീറ്റുകളുണ്ട്. സി.പി.ഐ.99ലും കേരളകോൺഗ്രസ് 35ഉം കേരളകോൺഗ്രസ് മാണി ഗ്രൂപ്പ് 33സീറ്റുകളുമാണ് നേടിയത്. അതേ സമയം കോർപറേഷനുകളിൽ കോൺഗ്രസിനും സി.പി.എമ്മിനും പിന്നാലെ ബി.ജെ.പിയാണ് മൂന്നാമത്.കോൺഗ്രസിന് 148ഉം,സി.പി.എമ്മിന് 111സീറ്റും ബി.ജെ.പി.ക്ക് 93സീറ്റുകളും കിട്ടി.മുസ്ളീം ലീഗിന് 34സീറ്റാണുള്ളത്. സി.പി.ഐ.12സീറ്റ് നേടി.ഗ്രാമപഞ്ചായത്തുകളിൽ 5723 സീറ്റുകളുമായി കോൺഗ്രസ് മുന്നിലെത്തി. 5541സീറ്റുകളാണ് സി.പി.എമ്മിനുള്ളത്. മൂന്നാം സ്ഥാനത്ത് 1980സീറ്റുകളുമായി മുസ്ലിം ലീഗാണ്. ബി.ജെ.പി.ക്ക് 1442സീറ്റാണുള്ളത്. സി.പി.ഐ-. 745, കേരള കോൺഗ്രസ് -240, കേരള കോൺഗ്രസ്- മാണി 183 സീറ്റ്..