ശബരിമല സ്വർണക്കൊള്ള കേസ് , ഇനി ഉന്നതരിലേക്ക്

Thursday 18 December 2025 12:19 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ അറസ്റ്രു ചെയ്തതിലൂടെ കേസിൽ രാഷ്ട്രീയക്കാരടക്കം ഉന്നതരുടെ പങ്കിലേക്ക് അന്വേഷണം നീളുമെന്ന് ഉറപ്പായി. ശ്രീകുമാറിനെ കൂടുതൽ ചോദ്യം ചെയ്ത് ഇതിനുള്ള തെളിവുകൾ കണ്ടെത്താനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ശ്രമം. ഉദ്യോഗസ്ഥനെന്ന നിലയിൽ മുകളിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ഫയൽ നീക്കുക മാത്രമാണ് ചെയ്തതെന്നാണ് ശ്രീകുമാറിന്റെ മൊഴി. തദ്ദേശ തിരഞ്ഞെടുപ്പിനെ തുടർന്ന് മന്ദഗതിയിലായിരുന്ന അന്വേഷണമാണ് എസ്.ഐ.ടി വീണ്ടും സജീവമാക്കുന്നത്.

2019ൽ ദ്വാരപാലക ശില്പപാളികൾ സ്വർണം പൂശാനായി പുറത്തേക്ക് കൊണ്ടുപോയപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നു ശ്രീകുമാർ. നോട്ടീസ് നൽകി വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യം ചെയ്തശേഷം ഇന്നലെ ഉച്ചയോടെയാണ് അറസ്റ്ര് രേഖപ്പെടുത്തിയത്. ശ്രീകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ദ്വാരപാലക ശില്പക്കേസിൽ ആറാം പ്രതിയാണ്. കേസിൽ ദേവസ്വം ബോർഡിലെ രണ്ട് മുൻ പ്രസിഡന്റുമാരടക്കം നേരത്തെ അറസ്റ്റിലായിരുന്നു.

ചെമ്പ് തകിടുകൾ എന്നെഴുതിയ മഹസറിൽ ശ്രീകുമാർ സാക്ഷിയായി ഒപ്പിട്ടെന്നും സ്വർണപ്പാളികൾ 2019 സെപ്തംബർ 11ന് തിരികെ എത്തിച്ചപ്പോൾ തൂക്കം നോക്കാതെ മഹസർ തയ്യാറാക്കിയെന്നുമാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷം ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യും. ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും നാലാം പ്രതിയുമായ എസ്. ജയശ്രീ മുൻകൂർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.

ഗുരുതര ഉത്തരവാദിത്വ ലംഘനം

സ്വർണപ്പാളികൾ കൊടുത്തു വിടുന്നതിനായി 2019 ജൂലായ് 19ന് തയ്യാറാക്കിയ മഹസറിൽ സാക്ഷിയായി ഒപ്പിടുക മാത്രമായിരുന്നു എന്നാണ് ശ്രീകുമാറിന്റെ മൊഴി. അതിനു രണ്ടു ദിവസം മുമ്പാണ് സ്ഥലം മാറിയെത്തിയത്. അതിനാൽ ക്രമക്കേടിൽ പങ്കില്ലെന്നും മൊഴി നൽകി. എന്നാൽ, ഗുരുതരമായ ഉത്തരവാദിത്വ ലംഘനം കാട്ടിയത് ഉന്നതരുടെ നിർദ്ദേശ പ്രകാരമാണെന്ന് എസ്.ഐ.ടി വിലയിരുത്തുന്നു. അമൂല്യ വസ്തുക്കളുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെന്ന നിലയിൽ മഹസറിലെ ഉള്ളടക്കം പരിശോധിക്കുകയും സംശയം തീർക്കുകയും ചെയ്യേണ്ടിയിരുന്നു എന്നും വിലയിരുത്തുന്നു.