സാങ്കേതിക വി.സിയായി ചുമതലയേറ്റ് സിസ പൂർണ സഹകരണമെന്ന് മന്ത്രി ബിന്ദു പഴയ കാര്യങ്ങൾ ഓർക്കില്ലെന്ന് സിസ
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വൈസ്ചാൻസലറായി ഡോ.സിസാതോമസ് ചുമതലയേറ്റു. ഇന്നലെ രാവിലെ 11ന് സർവകലാശാല ആസ്ഥാനത്തെത്തിയ സിസയെ ജീവനക്കാർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. സ്ഥാനമൊഴിഞ്ഞ വി.സി ഡോ.ശിവപ്രസാദും സ്വീകരിക്കാനെത്തി. വി.സിയായി തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്നും പഴയ കാര്യങ്ങളൊന്നും ഇനി ഓർക്കുന്നില്ലെന്നും സിസ പറഞ്ഞു. ഉത്തരവാദിത്വം കൂടുകയാണ്. സർക്കാരുമായി സഹകരിച്ച് മുന്നോട്ടുപോവും. സർവകലാശാലയിൽ ഒരു തരത്തിലുമുള്ള ഭരണസ്തംഭനവുമില്ല. അപാകതകൾ പരിഹരിച്ചുപോവും. സിസയെന്ന വ്യക്തിയല്ല, സാങ്കേതിക സർവകലാശാല എന്ന സ്ഥാപനമാണ് വലുത്. ഗവർണറുടെ പിന്തുണയ്ക്ക് നന്ദി. സർവകലാശാലയിലെ മിനുട്ട്സ് എടുത്തിട്ടില്ല. എന്നിട്ടും മോഷ്ടാവായി ചിത്രീകരിച്ചു. തനിക്ക് കൃത്യമായ ലക്ഷ്യബോധമുണ്ടെന്നും സിസ പറഞ്ഞു. ചുമതലയേറ്റ ശേഷം സിസ സെക്രട്ടേറിയറ്റിലെത്തി മന്ത്രി ആർ.ബിന്ദുവിനെ കണ്ടു. സർക്കാരിന്റെ പൂർണ സഹകരണം മന്ത്രി ഉറപ്പുനൽകി.
ഡിജിറ്റൽ വി.സി
ചുമതലയും
ഡിജിറ്റൽ സർവകലാശാലാ വി.സിയായി ഡോ.സജി ഗോപിനാഥ് ചുമതലയേൽക്കാൻ വൈകും. കോഴിക്കോട് ഐ.ഐ.എമ്മിലെ പ്രൊഫസർ ജോലി രാജിവയ്ക്കുകയോ സ്വയം വിരമിക്കുകയോ വേണം. അതുവരെ ഡിജിറ്റൽ വി.സിയുടെ ചുമതല സിസാതോമസിന് നൽകി സർക്കാർ ഉത്തരവിറക്കി.