കൊമ്പനാണ് ഞങ്ങടെ 'പെറ്റ്' ; സ്കൂളിലെ ഷോയ്ക്ക് ആനയുമായി കുട്ടികൾ
കൊച്ചി: സ്കൂളിലെ പെറ്റ് ഷോ കൊഴുപ്പിക്കണം, വീട്ടിലെ അരുമകളുമായി എത്താൻ മറക്കേണ്ട... ക്ളാസ് ടീച്ചറിന്റെ നിർദ്ദേശം കൊച്ചാമൻ വിനായകും പാലിച്ചു. ഇന്നലെ രാവിലെ അവൻ സ്കൂളിലേക്ക് ഒരു ഒന്നൊന്നര വരവു വന്നു. കൊമ്പനാനപ്പുറത്തേറി. ഒപ്പം അനുജന്മാരും.
അമ്പരന്ന സഹപാഠികളോട് വിനായകൻ പറഞ്ഞു. പേടിക്കേണ്ട, ഇവനാണ് ഞങ്ങളുടെ വീട്ടിലെ പെറ്റ്. ഗജവീരൻ കാളിയാർമഠം രാജശേഖരൻ. എറണാകുളം കലൂർ ഗ്രീറ്റ്‌സ് പബ്ലിക് സ്‌കൂളിലായിരുന്നു അത്യപൂർവ രംഗം.
ഒമ്പതാം ക്ലാസിലാണ് വിനായകൻ. അനുജൻ ദേവനന്ദ് നാലിലും ഋഷിക് ഒന്നിലും. അരൂർ കാളിയാർമഠം തറവാട്ടിലെ പ്രമുഖ ജ്യോത്സ്യൻ സുബീഷിന്റെയും ശരണ്യയുടെയും മക്കൾ. ആറു മാസം മുമ്പാണ് രാജശേഖരനെ വാങ്ങി തറവാട്ടിലെത്തിച്ചത്. 52 വയസുള്ള രാജശേഖരൻ ആളൊരു പാവത്താൻ. കുട്ടികളുമായി പെട്ടെന്ന് ഇണങ്ങി. ഇപ്പോഴിവർ ചങ്ക്സ്.
പെറ്റ് ഷോയെക്കുറിച്ച് മൂവർസംഘം വീട്ടിൽ പറഞ്ഞപ്പോൾ രാജശേഖരനെ കൊണ്ടുപൊയ്‌ക്കൊള്ളാൻ രക്ഷിതാക്കൾ സമ്മതംമൂളി. ആനയെ എത്തിക്കുമെന്ന് സ്‌കൂൾ അധികൃതരെ അറിയിച്ചു. കുട്ടികൾക്ക് സർപ്രൈസാക്കിവച്ചു. രാവിലെ അരൂരിൽ നിന്ന് വാഹനത്തിലാണ് രാജശേഖരനെ സ്കൂളിനു സമീപം എത്തിച്ചത്. അവിടന്ന് നടത്തി സ്കൂളിലേക്ക്. പാപ്പാൻ രഞ്ജിത്തും ഒപ്പമുണ്ടായിരുന്നു.
വളർത്തുമൃഗങ്ങളെക്കുറിച്ച് കുട്ടികൾക്ക് നേരിട്ട് മനസിലാക്കുന്നതിനാണ് പെറ്റ്ഷോ ഒരുക്കിയത്. രാവിലെ ഒമ്പത് മുതൽ 12 വരെയായിരുന്നു പ്രദർശനം. ആനയ്ക്ക് പുറമേ കുതിര, എലി വർഗത്തിൽപ്പെട്ട ഹാംസ്റ്റർ, ആമ, ഇഗ്വാന, പൂച്ചകൾ, നായ്‌ക്കൾ, വർണ്ണമത്സ്യങ്ങൾ എന്നിവയും പെറ്റ് ഷോയിൽ തിളങ്ങി. വളർത്തുമൃഗങ്ങൾക്കായി മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
വർഷങ്ങളായി പെറ്റ് ഷോ നടത്തിവരുന്നു. ആദ്യമായാണ് ഒരു വിദ്യാർത്ഥി ആനയുമായി വരുന്നത്. കുട്ടികൾ വളരെ സന്തോഷിച്ചു
ബെലിൻഡ വിവേര
പ്രിൻസിപ്പൽ
മക്കൾക്കൊപ്പം ഞാനും സ്‌കൂളിൽ പോയിരുന്നു. ആനയ്‌ക്കൊപ്പം നിൽക്കാൻ കുട്ടികളുടെ മത്സരമായിരുന്നു
ശരണ്യ,
വിനായകന്റെ മാതാവ്