വി.സി.: സുപ്രീംകോടതി നിലപാട് നിർണായകം
ന്യൂഡൽഹി: തീരുമാനം സുപ്രീം കോടതിക്ക് വിട്ടശേഷം സർക്കാരും ഗവർണറും ധൃതിപിടിച്ച് ഡിജിറ്റൽ-സാങ്കേതിക സർവകലാശാല വി.സിമാരെ നിയമിച്ചതിൽ കോടതി എന്തു നിലപാട് സ്വീകരിക്കുമെന്ന് ആശങ്ക. ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച്
ഇന്ന് വിഷയം പരിഗണിക്കുകയാണ്. യോഗ്യതയുള്ളവരെ കണ്ടെത്തി മെരിറ്റ് അടിസ്ഥാനത്തിൽ പാനൽ സമർപ്പിക്കാൻ ജസ്റ്റിസ് സുധാൻഷു ധൂലിയ സമിതിക്ക് ഡിസംബർ 11ന് സുപ്രീംകോടതി നിർദ്ദേശം നൽകിയിരുന്നു.
ഡോ. സിസാ തോമസിനെ സാങ്കേതിക സർവകലാശാല വി.സിയായും ഡോ. സജി ഗോപിനാഥിനെ ഡിജിറ്റൽ സർവകലാശാല വി.സിയായും നിയമിച്ചുകൊണ്ടുള്ള വിജ്ഞാപനങ്ങൾ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇന്നലെയാണ് സുപ്രീംകോടതിയിൽ ഹാജരാക്കിയത്. സമവായ ചർച്ചയുടെ വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക അപേക്ഷയും സമർപ്പിച്ചു.
വി.സിമാരെ കോടതി നിശ്ചയിക്കുന്നതിനെതിരെ
ഗവർണർ പരസ്യമായി പ്രതികരിച്ചിരുന്നു. ഇക്കാര്യവും സുപ്രീംകോടതിയുടെ ശ്രദ്ധയിൽ വന്നിട്ടുണ്ടെന്നാണ് വിവരം. ഡിസംബർ 14ന് വൈകീട്ട് 4.30ന് ലോക്ഭവനിൽ മുഖ്യമന്ത്രിയും ഗവർണറും കൂടിക്കാഴ്ച നടത്തിയാണ് സമവായ ധാരണയുണ്ടാക്കിയത്. ഇക്കാര്യം ധൂലിയ സമിതിയെ അറിയിച്ചു. 16ന് നിയമന ഉത്തരവുമിറക്കി. കേസ് പരിഗണിക്കുന്ന 18 വരെ കാത്തിരിക്കാതെ ഗവർണർ വിജ്ഞാപനമിറക്കിയതിൽ രണ്ടംഗബെഞ്ച് എങ്ങനെ പ്രതികരിക്കുമെന്ന ആകാംക്ഷയാണുള്ളത്.