പോറ്റിയെ കേറ്റിയേ ഗാനം. പരാതിക്കാരന് തങ്ങളുമായി ബന്ധമില്ലെന്ന് സംരക്ഷണ സമിതി
പത്തനംതിട്ട: 'പോറ്റിയെ കേറ്റിയേ' പാരഡി ഗാനത്തിനെതിരെ പരാതി നൽകിയത് സി.പി.എമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് തിരുവാഭരണപാത സംരക്ഷണസമിതി ചെയർമാനും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറിയുമായ കെ. ഹരിദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രസാദ് കുഴിക്കാല എന്ന വ്യക്തിയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്. ഇയാൾ ആദ്യകാലത്ത് തിരുവാഭരണപാത സംരക്ഷണ സമിതി പ്രവർത്തകനായിരുന്നു. പിന്നീട് പുറത്തായതോടെ ഇതേപേരിൽ പുതിയ സംഘടന രൂപീകരിച്ചു. തിരുവാഭരണ പാത സംരക്ഷണ സമിതിക്ക് പരാതിയുമായി ബന്ധമില്ല.
തിരഞ്ഞെടുപ്പിൽ സ്വർണക്കൊള്ള പ്രധാന ചർച്ചാവിഷയമായിരുന്നു. സി.പി.എം അടിമുടി തോൽക്കാനുള്ള കാരണവും ഇതുതന്നെയായിരുന്നു. അതിനാലാണ് പാട്ട് നിരോധിക്കണമെന്ന ആവശ്യവുമായി സി.പി.എമ്മും പ്രസാദ് കുഴിക്കാലയും രംഗത്തുവന്നിട്ടുള്ളത്. പരാതിക്കാരൻ റാന്നിയിലെ സി.പി.എമ്മുകാരനായ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശിന്റെ സഹോദരനാണ്.